'എതിര്‍ ടീമുകള്‍ക്ക് ഇവിടെ വരാന്‍ പേടി'; ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് വാക്‌പോരുമായി ഹേസല്‍വുഡ്

By Web TeamFirst Published Jan 14, 2021, 2:43 PM IST
Highlights

ഇന്ത്യൻസമയം നാളെ രാവിലെ 5.30നാണ് ബ്രിസ്‌ബേൻ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു.

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുന്നോടിയായി വാക്പോരുമായി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കാണ് മാനസിക ആധിപത്യം. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്‌ബേൻ. 1988ന് ശേഷം ഇവിടെ തോല്‍വി അറിഞ്ഞിട്ടേയില്ലെന്നത് കരുത്താണ് എന്നും ഓസീസ് സ്റ്റാര്‍ പേസര്‍ പറഞ്ഞു. 

എതിര്‍ ടീമുകള്‍ക്ക് ഇവിടെ മത്സരിക്കാൻ വരാൻ പേടിയാണെന്നും അദേഹം പരിഹസിച്ചു. 55 ടെസ്റ്റ് മത്സരങ്ങളാണ് ബ്രിസ്‌ബേനില്‍ നടന്നിട്ടുള്ളത്. ഇതില്‍ 33 എണ്ണം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ 14 ടെസ്റ്റുകള്‍ സമനിലയിലായി. വെറും എട്ട് എണ്ണത്തില്‍ മാത്രമേ ഓസ്‌ട്രേലിയ തോല്‍വി അറിഞ്ഞിട്ടുള്ളൂ. 

ഇന്ത്യൻസമയം നാളെ രാവിലെ 5.30നാണ് ബ്രിസ്‌ബേൻ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. ഇതോടെ പരമ്പര വിജയികളെ ബ്രിസ്‌ബേന്‍ വിധിയെഴുതും. ഇരു ടീമിനും പരിക്കിന്‍റെ തിരിച്ചടികളോടെയാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. 

പരിക്കില്‍ കുടുങ്ങി ഇന്ത്യ

സൂപ്പര്‍താരങ്ങളുടെ പരിക്ക് ഇന്ത്യന്‍ ടീമിന് വലിയ ആശങ്കയാണ്. അന്തിമ ഇലവനെ കണ്ടെത്താനാകാതെ ഉഴലുകയാണ് ടീം മാനേജ്‌മെന്‍റ്. പരുക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പായി. ജസ്പ്രീത് ബുറയുടേയും ആര്‍. അശ്വിന്‍റെയും റിഷഭ് പന്തിന്‍റെയും കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതിനാല്‍ പകരമെത്തുന്ന താരങ്ങളെയും പ്രവചിക്കുക അസാധ്യം. പര്യടനത്തിനിടെ ഏകദിന, ടി20 പരമ്പരകളില്‍ അരങ്ങേറ്റം കുറിച്ച ടി നടരാജന് ടെസ്റ്റിലും അവസരം കിട്ടുമോ എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ബ്രിസ്‌ബേന്‍ പ്രിയ തട്ടകം എന്ന് പറയുമ്പോഴും ഓസ്‌ട്രേലിയക്കും നിരാശ വാര്‍ത്തയുണ്ട്. സിഡ്‌നി ടെസ്റ്റില്‍ അരങ്ങേറിയ യുവ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിക്ക് ബ്രിസ്‌ബേനില്‍ കളിക്കാനാവില്ല. ചുമലിന് പരിക്കേറ്റ വില്ലിന് പകരം മാര്‍ക്കസ് ഹാരിസിനെ ഓസീസ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് മാറ്റങ്ങളൊന്നും ഓസ്‌ട്രേലിയന്‍ ഇലവനിലില്ല. 

100-ാം ടെസ്റ്റ് കളിക്കാന്‍ ലിയോണ്‍

കരിയറിലെ നൂറാം ടെസ്റ്റ് കളിക്കാനാണ് സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ ഇറങ്ങുക. ബ്രിസ്‌ബേന്‍ ടെസ്റ്റോടെ 100 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന 13-ാം ഓസ്‌ട്രേലിയന്‍ താരമാകും ലിയോണ്‍. 400 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിനും അരികെയാണ് താരം. നാല് വിക്കറ്റാണ് ഇതിന് ആവശ്യം. 

ബ്രിസ്‌ബേന്‍ ഇന്ത്യക്ക് അനുകൂലമല്ല

നാളിതുവരെ ആറ് ടെസ്റ്റുകളാണ് ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. എന്നാല്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാനായില്ല. ആറ് തോല്‍വിയും ഒരു സമനിലയുമായിരുന്നു മത്സര ഫലം. 2018-19 പര്യടനത്തില്‍ ഇന്ത്യ ചരിത്ര പരമ്പര ജയം നേടിയപ്പോള്‍ ബ്രിസ്‌ബേനില്‍ കളിച്ചിരുന്നില്ല. അതേസമയം 1988ന് ശേഷം തോല്‍വി അറിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡുമായാണ് ഓസീസ് ഇവിടെ ഇറങ്ങുക. 

അന്തിമ ഇലവനില്‍ ആരൊക്കെ? തലപുകച്ച് ഇന്ത്യ; ഓസീസിന് തിരിച്ചടി, യുവതാരം പുറത്ത്

click me!