ഒരു കട്ട അസ്‌ഹറുദ്ദീന്‍ ഫാനിന്‍റെ അനിയന്‍; മലയാളി അസറിന്‍റെ വിശേഷങ്ങളുമായി കുടുംബം

By Web TeamFirst Published Jan 14, 2021, 11:44 AM IST
Highlights

ഒരു കട്ട അസ്‌ഹറുദ്ദീന്‍ ഫാനിന്‍റെ അനിയന്‍; കേരളത്തിന്‍റെ അസറിന്‍റെ വിശേഷങ്ങളുമായി കുടുംബം.  

കാസര്‍കോട്: 'അജ്‌മല്‍ എന്നായിരുന്നു ആദ്യം അവന് പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് അസ്‌ഹറുദ്ദീനോടുള്ള ആരാധന മൂത്ത് അദേഹത്തിന്‍റെ പേരിടണമെന്ന് ഉപ്പയോടും ഉമ്മയോടും പറഞ്ഞു'. ഇന്ത്യന്‍ ക്രിക്കറ്റിലെ കൊമ്പന്‍മാരായ മുംബൈക്കെതിരെ സയദ് മുഷ്താഖ് അലി ട്വന്റി20യില്‍ 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി 26കാരന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഞെട്ടിക്കുമ്പോള്‍ കാസര്‍കോട് തളങ്കരയിലെ വീട്ടില്‍ മൂത്ത സഹോദരന്‍ കമറുദ്ദീന്‍ ആ ഓര്‍മ്മകള്‍ സിക്സര്‍ പോലെ തുറന്നുവിട്ടു. 

ആഹ്‌ളാദത്തില്‍ തളങ്കരയിലെ വീട്

എട്ട് സഹോദരന്‍മാരില്‍ ഏറ്റവും ഇളയവന് മുഹമ്മദ് അസ്ഹറുദ്ദീന് എന്ന് പേരിട്ടത് മൂത്ത ചേട്ടൻ കമറുദ്ദീനാണ്. ഇന്ത്യൻ മുൻ നായകനോടുള്ള കടുത്ത ആരാധനയായിരുന്നു പേരിന് പിന്നില്‍. അസര്‍ താണ്ഡവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഞെട്ടുമ്പോള്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ് കാസര്‍കോട് തളങ്കരയിലെ വീടും നാട്ടുകാരും. 37 പന്തിലായിരുന്നു അസറിന്‍റെ വെടിക്കെട്ട് സെഞ്ചുറി. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ ശതകങ്ങളിലൊന്ന്. ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അതിനാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷം. 

കമറുദ്ദീന്‍, അസ്‌ഹറുദ്ദീന്‍റെ ജേഷ്‌ഠന്‍

'വളരെയധികം സന്തോഷമുണ്ട്. നാടും നാട്ടുകാരും സന്തോഷത്തിലാണ്. സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും ശ്രീയും(എസ് ശ്രീശാന്ത്) വിഷ്‌ണു വിനോദും സച്ചിന്‍ ബേബിയും ഒക്കെയുള്ള ടീമാണ് നമ്മുടേത്. മികച്ച ടീമാണിത്. മറ്റ് ടീമുകളെല്ലാം പേടിക്കുന്ന ടീം തന്നെയാണ് നമ്മുടേത്. അസറിന്‍റെ സ്റ്റൈലില്‍ അവന്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. കഠിന പ്രയ്തനമാണ് ഈ പ്രകടനത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നു'- കമറുദ്ദീന്‍ പറഞ്ഞു. 

തളങ്കര ക്രിക്കറ്റ് ക്ലബില്‍ കളിച്ചാണ് അസര്‍ കരിയര്‍ തുടങ്ങുന്നത്. ക്ലബിനും നാട്ടുകാര്‍ക്കും വലിയ അഭിമാന നിമിഷമാണ് ഇതെന്ന് പറയുന്നു തളങ്കരയിലെ നാട്ടുകാര്‍. ഇന്ത്യന്‍ ടീമിന്‍റെ നീലക്കുപ്പായത്തില്‍ അസര്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് അവരെല്ലാം. 

കാണാം അസ്‌ഹറുദ്ദീന്‍റെ കുടുംബ വിശേഷങ്ങള്‍- വീഡിയോ

റെക്കോര്‍ഡുകള്‍ കടപുഴക്കിയ ഇന്നിംഗ്‌സ്

മുംബൈക്കെതിരെ 37 പന്തില്‍ നേടിയ വെടിക്കെട്ട് സെഞ്ചുറി അസറിന് റെക്കോര്‍ഡ് ബുക്കിലും ഇടംനല്‍കി. ടി20യില്‍ ഇന്ത്യക്കാരന്‍റെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അസ്‌ഹറുദ്ദീന്‍ കുറിച്ചത്. മുന്നിലുള്ളത് റിഷഭ് പന്ത്, രോഹിത് ശര്‍മ്മ എന്നീ വമ്പന്‍ പേരുകാരും. 2018ല്‍ ഡല്‍ഹിക്കായി 32 പന്തില്‍ സെഞ്ചുറി തികച്ച പന്താണ് ഇവരില്‍ മുന്നില്‍. ശ്രീലങ്കയ്‌ക്കെതിരെ 2017ല്‍ 35 പന്തില്‍ മൂന്നക്കം കണ്ട ഹിറ്റ്‌മാന്‍  രണ്ടാംസ്ഥാനത്ത്. അസ്‌ഹറുദ്ദീനൊപ്പം മൂന്നാമത് നില്‍ക്കുന്ന യൂസഫ് പത്താന്‍ 2010ല്‍ 37 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു. 

സയദ് മുഷ്താഖ് അലി ട്വന്റി20യിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് അസര്‍ കുറിച്ച 137 റണ്‍സ്. 2019ല്‍ സിക്കിമിനെതിരെ മുംബൈക്കായി 147 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് തലപ്പത്ത്. സയദ് മുഷ്താഖ് അലി ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമാണ് മുഹമ്മദ് അസ്‌ഹറുദ്ദീന്‍. ഇന്‍ഡോറില്‍ 2012/13 സീസണില്‍ ഡല്‍ഹിക്കെതിരെ പുറത്താകാതെ 92 റണ്‍സ് നേടിയ രോഹന്‍ പ്രേമായിരുന്നു നേരത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. 

കേരളത്തിന്‍റേത് ചരിത്ര ജയം!

മുംബൈ മുന്നോട്ടുവച്ച 197 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കേ മറികടന്ന് എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ ജയം. മുംബൈയെ കേരളം തോല്‍പിക്കുന്നത് ഇതാദ്യമാണ് എന്നത് ജയമധുരം കൂട്ടുന്നു. 23 പന്തില്‍ 33 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകൻ സഞ്ജു സാംസണും അസ്‍ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. 54 പന്തില്‍ 137 റണ്‍സുമായി അസ്ഹറുദ്ദീനും രണ്ട് റണ്‍സോടെ സച്ചിൻ ബേബിയും പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196ലെത്തിയത്. യശ്വസി ജയ്സ്വാള്‍ 40ഉം ആദിത്യ താരെ 42 ഉം റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 38 റണ്‍സ് നേടി. നാല് ഓവര്‍ എറിഞ്ഞ ശ്രീശാന്ത് 47 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. അതേസമയം ജലജ് സക്സേനയും കെ.എം. ആസിഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

അസറിന് അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

മുഹമ്മദ് അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ). കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായരാണ് ഇക്കാര്യം അറിയിച്ചത്. മുംബൈക്കെതിരെ 54 പന്തില്‍ 137 റൺസ് നേടിയതിനാണ് കെസിഎയുടെ അംഗീകാരം. 

'ദയ കാണിക്കേണ്ട ആവശ്യമില്ല, അടിച്ചങ്ങട് കേറുകതന്നെ'; മുഹമ്മദ് അസ്ഹറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്

click me!