ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് മുമ്പ് തലപുകഞ്ഞ് ഇന്ത്യന്‍ ടീം. ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതാണ് സൂപ്പര്‍താരങ്ങളുടെ പരിക്ക് വലയ്‌ക്കുന്ന ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നത്. നാളെയാണ് ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് തുടങ്ങുന്നത്.

അവസാന ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യൻ ക്യാമ്പില്‍ കനത്ത ആശങ്കയാണ്. പൂര്‍ണ്ണ ശാരീരിക ക്ഷമതയുള്ള 11 കളിക്കാരെ കണ്ടെത്തുകയാണ് വെല്ലുവിളി. പരുക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പായി. ജസ്പ്രീത് ബുറയുടേയും ആര്‍. അശ്വിന്‍റെയും റിഷഭ് പന്തിന്‍റെയും കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അന്തിമ ഇലവൻ സംബന്ധിച്ച് ടീം മാനേജ്‌മെന്റിന്‍റെ ആലോചനകള്‍ ഇങ്ങനെ. 

ഓപ്പണര്‍മാര്‍ മാറുമോ?

രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലും ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചനകള്‍. പിന്നാലെ ചേതേശ്വര്‍ പൂജാരയും നായകൻ അജിങ്ക്യ രഹാനെയും, പരുക്ക് മാറിയില്‍ റിഷഭ് പന്തും. ഹനുമ വിഹാരിക്ക് പകരം ആരെ ഇറക്കുമെന്നത് വെല്ലുവിളിയാണ്. മായങ്ക് അഗര്‍വാള്‍ പരിഗണനയിലുണ്ട്. എന്നാല്‍ നേരിയ പരിക്ക് മായങ്കിനെയും വലയ്ക്കു‌ന്നു. വൃദ്ധിമാൻ സാഹയോ പൃഥ്വി ഷായോ പകരക്കാരനായേക്കുമെന്നും സൂചനയുണ്ട്. ഒരുപക്ഷേ രോഹിത്തിനൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കി ശുഭ്മാൻ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കാനും സാധ്യതകളുണ്ട്. 

അസ്ഹറുദ്ദീനെ വാനോളം പ്രശംസിച്ച് വീരുവും ഭോഗ്ലെയും; അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

ജഡേജക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇറങ്ങിയേക്കും. ആര്‍. അശ്വിൻ കളിച്ചില്ലെങ്കില്‍ കുല്‍ദീപ് യാദവും. ബുംറയ്‌ക്ക് പകരക്കാരായി ഷാര്‍ദുല്‍ താക്കൂറും ടി. നടരാജുമാണ് പരിഗണനയില്‍. ഷാര്‍ദുല്‍ താക്കൂറിനാണ് മുൻഗണനയെന്ന് സൂചനയുണ്ട്. ഇന്ത്യൻസമയം നാളെ രാവിലെ 5.30നാണ് ബ്രിസ്‌ബേൻ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.

ഓസീസിന് തിരിച്ചടി

അതേസമയം പ്ലേയിംഗ് ഇലവനില്‍ മാറ്റവുമായാണ് ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ ഇറങ്ങുക. പരിക്കേറ്റ യുവ ഓപ്പണർ വില്‍ പുകോവ്‌സ്‌കി നാളെ കളിക്കില്ല. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മാർക്കസ് ഹാരിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍ അറിയിച്ചു. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റതാണ് പുകോവ്‌സ്‌കിക്ക് തിരിച്ചടിയായത്. 

'ദയ കാണിക്കേണ്ട ആവശ്യമില്ല, അടിച്ചങ്ങട് കേറുകതന്നെ'; മുഹമ്മദ് അസ്ഹറുദ്ദീൻ പറയുന്നു

സിഡ്‌നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച 22കാരന്‍ പുകോ‌വ്‌സ്‌കി ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സുമായി ശ്രദ്ധ നേടിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യക്കെതിരെ അഡ്‌ലെയ്‌ഡില്‍ അരങ്ങേറ്റം കുറിച്ച ഹാരിസ് ഇതുവരെ ഒന്‍പത് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 24.06 ശരാശരിയില്‍ രണ്ട് സെഞ്ചുറികളടക്കം 385 റണ്‍സാണ് സമ്പാദ്യം. 

ഒരു കട്ട അസ്‌ഹറുദ്ദീന്‍ ഫാനിന്‍റെ അനിയന്‍; മലയാളി അസറിന്‍റെ വിശേഷങ്ങളുമായി കുടുംബം