നിറയെ സര്‍പ്രൈസ്, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റത്തിന്; ബ്രിസ്‌ബേനില്‍ ഓസീസിന് ടോസ്

By Web TeamFirst Published Jan 15, 2021, 5:28 AM IST
Highlights

ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. കൂടാതെ മായങ്ക് അഗര്‍വാളും ഷാര്‍ദുല്‍ താക്കൂറും ടീമിലേക്ക് തിരിച്ചെത്തി.
 

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. കൂടാതെ മായങ്ക് അഗര്‍വാളും ഷാര്‍ദുല്‍ താക്കൂറും ടീമിലേക്ക് തിരിച്ചെത്തി. പരിക്കേറ്റ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരാണ് പുറത്തുപോയത്. 

ഗബ്ബയില്‍ പിച്ചില്‍ നാല് പേസര്‍മാരെയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. നവ്ദീപ് സൈനി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ടീമിനൊപ്പം നെറ്റ് ബൗളര്‍മാരായി തുടര്‍ന്ന താരങ്ങള്‍ക്കാണ് ഇന്ന് അവസരം കിട്ടിയത്. നടരാജന്‍ ഈ പരമ്പരയിലൂടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. വെള്ള പന്തില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. സുന്ദര്‍ ദീര്‍ഘകാലമായി ഇന്ത്യയുടെ ടി20- ഏകദിന ടീമിനൊപ്പമുണ്ട്. 

2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് താക്കൂര്‍. എന്നാല്‍ ബൗളിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല. മായങ്ക് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും കളിച്ചു. എന്നാല്‍ രോഹിത് ശര്‍മ ടീമിലെത്തിയതോടെ വഴിമാറി കൊടുക്കുകയായിരുന്നു. അദ്ദേഹം ഏത് പൊസിഷനില്‍ കളിക്കുമെന്ന് ഉറപ്പായിട്ടില്ല. ഓസീസ് ടീമില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിക്ക് പകരം മാര്‍കസ് ഹാരിസ് ടീമിലെത്തി. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

click me!