കണ്ടവരെല്ലാം കണ്ണുതള്ളി; നോ ലുക്ക് സിക്‌സറുമായി വാഷിംഗ്‌ടണ്‍ സുന്ദര്‍- വീഡിയോ

By Web TeamFirst Published Jan 17, 2021, 3:31 PM IST
Highlights

ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സില്‍ സുന്ദറിന്‍റെ ഒരു സുന്ദരന്‍ സിക്‌സറുമുണ്ടായിരുന്നു. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ രക്ഷകരായത് ഏഴാം വിക്കറ്റിലെ വാഷിംഗ്‌ടണ്‍ സുന്ദര്‍-ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ്. മൂന്ന് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ ബാറ്റിംഗിലും താരമാവുകയായിരുന്നു ഇരുവരും. ഇവരില്‍ സുന്ദര്‍ കളിക്കുന്നതാവട്ടെ കരിയറിലെ ആദ്യ ടെസ്റ്റും. ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സില്‍ സുന്ദറിന്‍റെ ഒരു സുന്ദരന്‍ സിക്‌സറുമുണ്ടായിരുന്നു. 

മിഡ്‍ വിക്കറ്റിന് മുകളിലൂടെ സ്‌പിന്നര്‍ നേഥന്‍ ലിയോണിന് എതിരെയായിരുന്നു ഈ സിക്‌സര്‍. നോ ലുക്ക് ഗോളിന്‍റെ മാതൃകയില്‍ നോ ലുക്ക് സി‌ക്‌സറായിരുന്നു ഇത്. ഇടംകൈയന്‍ ബാറ്റ്സ്‌മാനായ സുന്ദറിന്‍റെ നോ ലുക്ക് സിക്‌സര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

That's spicy! A no-look six from Sundar 6️⃣

Live : https://t.co/IzttOVtrUu pic.twitter.com/6JAdnEICnb

— cricket.com.au (@cricketcomau)

മുഷ്താഖ് അലി ടി20: ആന്ധ്രക്കെതിരെ കേരളത്തിന് തോല്‍വി

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് ടോട്ടലായ 369 റണ്‍സ് പിന്തുടരവേ ഒരുവസരത്തില്‍ ആറ് വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഇവിടെ നിന്ന് 123 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റി വാഷിംഗ്‌ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും. സുന്ദര്‍ 144 പന്തില്‍ 62 റണ്‍സും താക്കൂര്‍ 115 പന്തില്‍ 67 റണ്‍സുമെടുത്തു. ഇരുവരുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. എങ്കിലും ഇന്ത്യയുടെ പോരാട്ടം 336 റണ്‍സില്‍ അവസാനിച്ചു. 

ഓസ്‌ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വീതവും നേഥന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ മാര്‍നസ് ലബുഷെയ്‌ന്‍റെ (108) സെഞ്ചുറിയുടേയും നായകന്‍ ടിം പെയ്‌ന്‍റെ (50) അര്‍ധ സെഞ്ചുറിയുടേയും കരുത്തിലാണ് ഓസീസ് 369 റണ്‍സെടുത്തത്. കാമറൂണ്‍ ഗ്രീന്‍ 47 ഉം മാത്യൂ വെയ്‌ഡ് 45 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ടി. നടരാജനും ഷാര്‍ദൂല്‍ താക്കൂറും വാഷിംഗ്‌ടണ്‍ സുന്ദറും മൂന്ന് പേരെ വീതം പുറത്താക്കി. 

നെറ്റ് ബൗളര്‍മാരായി ടീമിനൊപ്പം തുടര്‍ന്നു; താക്കൂര്‍- സുന്ദര്‍ സഖ്യം മടങ്ങുന്നത് ചരിത്രനേട്ടവുമായി 

click me!