Asianet News MalayalamAsianet News Malayalam

നെറ്റ് ബൗളര്‍മാരായി ടീമിനൊപ്പം തുടര്‍ന്നു; താക്കൂര്‍- സുന്ദര്‍ സഖ്യം മടങ്ങുന്നത് ചരിത്രനേട്ടവുമായി

ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. മൂന്ന് വിക്കറ്റുകള്‍ ഇരുവരും വീഴ്ത്തി. എന്നാല്‍ അമ്പരിപ്പിച്ചത് ബാറ്റെടുത്തപ്പോഴാണ്.

shardul and sundar creates history in Brisbane
Author
Brisbane QLD, First Published Jan 17, 2021, 2:04 PM IST

ബ്രിസ്‌ബേന്‍: നെറ്റ് ബൗളര്‍മാരായി ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നവരാണ് വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും. എന്നാല്‍ മറ്റുതാരങ്ങള്‍ക്ക് പരിക്കേറ്റപ്പോള്‍ ഇരുവര്‍ക്കും ഓസീസിനെതിരെ നാലാം ടെസ്റ്റില്‍ കളിക്കാന്‍ അവസരം തെളിഞ്ഞു. ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. മൂന്ന് വിക്കറ്റുകള്‍ ഇരുവരും വീഴ്ത്തി. എന്നാല്‍ അമ്പരിപ്പിച്ചത് ബാറ്റെടുത്തപ്പോഴാണ്. മുന്‍നിര താരങ്ങളെ നാണിപ്പിക്കുന്ന വിധത്തില്‍ 123 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ചുരുക്കിയതും ഈ പ്രകടനം തന്നെ. 

ഇതോടെ മറ്റൊരു റെക്കോഡ് കൂടി ഇന്ത്യന്‍ കൂട്ടുകെട്ടിനെ തേടിയെത്തി. ബ്രിസ്‌ബേനില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1991ല്‍ കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പഴങ്കഥയാക്കിയത്. 2014ല്‍ എംഎസ് ധോണിയും ആര്‍ അശ്വിനും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ മറ്റൊരു റെക്കോഡ് കൂടി സുന്ദറിനെ തേടിയെത്തി. 

അരങ്ങേറ്റ ഇന്നിങ്സില്‍ മൂന്നിലധികം വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഈ തമിഴ്നാട് ഓള്‍റൗണ്ടര്‍. 1947-48ല്‍ ദത്തു ഫഡ്കറാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. 1982ന് ശേഷം ആദ്യമായാണ് ഒരു ഇന്നിങ്സില്‍ ഇന്ത്യയുടെ ഏഴ്, എട്ട് നമ്പര്‍ ബാറ്റ്സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുന്നത്.

144 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും അടങ്ങിയതാണ് സുന്ദറിന്റെ ഇന്നിങ്‌സ്. താക്കൂര്‍ 115 പന്തില്‍ 9 ഫോറും രണ്ട് സിക്സുമാണ് നേടിയത്. ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios