Latest Videos

പൊരുതിയത് പാണ്ഡ്യയും ധവാനും മാത്രം; ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

By Web TeamFirst Published Nov 27, 2020, 6:06 PM IST
Highlights

76 പന്തില്‍ 90 റണ്‍സടിച്ച പാണ്ഡ്യയും 86 പന്തില്‍ 74 റണ്‍സടിച്ച ധവാനും മാത്രമെ ഇന്ത്യക്കായി പൊരുതിയുള്ളു. നാല് വിക്കറ്റെടുത്ത ആദം സാംപയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

76 പന്തില്‍ 90 റണ്‍സടിച്ച പാണ്ഡ്യയും 86 പന്തില്‍ 74 റണ്‍സടിച്ച ധവാനും മാത്രമെ ഇന്ത്യക്കായി പൊരുതിയുള്ളു. നാല് വിക്കറ്റെടുത്ത ആദം സാംപയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 374/6, ഇന്ത്യ 50 ഓവറില്‍ 308/8.

തുടക്കം കസറി

മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറില്‍ തന്നെ 20 റണ്‍സടിച്ച ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അഞ്ചാം ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സിലെത്തി. എന്നാല്‍ ഹേസല്‍വുഡിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ മായങ്ക്(18 പന്തില്‍ 22) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആദം സാംപ തുടക്കത്തിലെ ജീവന്‍ നല്‍കിയെങ്കിലും വീണുകിട്ടിയ ഭാഗ്യം മുതലാക്കാന്‍ കോലിക്കായില്ല.

ജിവന്‍ കിട്ടിയതിന്‍റെ ആവേശത്തില്‍ തുടര്‍ച്ചയായി ബൗണ്ടറികളും സിക്സും പറത്തി കോലി 21 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും ഹേസല്‍വുഡിന്‍റെ രണ്ടാമത്തെ ഇരയായി ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ശ്രേയസ് അയ്യര്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഹേസല്‍വുഡിന്‍റെ ബൗണ്‍സറില്‍ നിന്ന് രക്ഷപ്പെടാനാവാതെ അയ്യര്‍(2) അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഐപിഎല്ലിലെ റണ്‍വേട്ടക്കാരനായ കെ എല്‍ രാഹുല്‍(15 പന്തില്‍ 12) ആദം സാംപയുടെ ഫുള്‍ട്ടോസ് സ്മിത്തിന്‍റെ കൈകളിലേക്ക് അടിച്ചുനല്‍കി പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

പടനയിച്ച് പാണ്ഡ്യയും ധവാനും

എന്നാല്‍ അ‍ഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹര്‍ദ്ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും ചേര്‍ന്ന് പോരാട്ടം നയിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 34-ാം ഓവറില്‍ 229 റണ്‍സിലെത്തിച്ചെങ്കിലും സാംപയെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ ധവാന്‍(74) വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ധവാന് പിന്നാലെ പാണ്ഡ്യയെയും(90) സാംപ വീഴ്ത്തിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഏഴ് ഫോറും നാലും സിക്സും അടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിംഗ്സ്.

വാലറ്റത്ത് ജഡേജയും(25), സെയ്നിയും(29), ഷമിയും(13) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിന് ഇന്ത്യയുടെ തോല്‍വിഭാരം കുറക്കാനായെന്ന് മാത്രം. ഓസീസിനായി സാംപ 54 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഹേസല്‍വുഡ് 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും(124 പന്തില്‍ 114) സ്റ്റീവ് സ്മിത്തിന്‍റെയും(66 പന്തില്‍ 105) സെഞ്ചുറികളുടെയും മാക്സ്‌വെല്ലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെയും(19 പന്തില്‍ 45) ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ഇന്ത്യക്കായി 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി മാത്രമാണ് ബൗളിംഗില്‍ തിളങ്ങിയത്.

click me!