സ്മിത്തിനെ വീഴ്ത്തി വീണ്ടും അശ്വിന്‍; ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Dec 26, 2020, 7:14 AM IST
Highlights

ഉമേഷിനെയും ബുമ്രയെയും കരുതലോടെ കളിച്ച മാത്യു വെയ്ഡും ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 35ല്‍ എത്തിച്ചപ്പോഴായിരുന്നു ക്യാപ്റ്റന്‍ രഹാനെയുടെ തന്ത്രപരമായ നീക്കം. പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു.

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സോടെ മാര്‍നസ് ലാബുഷെയ്നും നാല് റണ്‍സുമായി ട്രാവിസ് ഹെഡ്ഡും ക്രീസില്‍.

ബേണ്‍സിനെ എറിഞ്ഞിട്ട് ബുമ്ര

മെല്‍ബണില്‍ ടോസിലെ ഭാഗ്യം ഓസീസിനെ തുണച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. കാരണം ആദ്യദിനം ബാറ്റിംഗ് അനുകൂലമായ മെല്‍ബണില്‍ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാവുമായിരുന്നു. എന്നാല്‍ അഞ്ചാം ഓവറിലെ ജോണ്‍ ബേണ്‍സിനെ(0) വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ബുമ്ര ഇന്ത്യയെ തുടക്കത്തിലെ മുന്നിലെത്തിച്ചു.

രഹാനെയുടെ മാസ്റ്റര്‍ സ്ട്രോക്ക്

ഉമേഷിനെയും ബുമ്രയെയും കരുതലോടെ കളിച്ച മാത്യു വെയ്ഡും ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 35ല്‍ എത്തിച്ചപ്പോഴായിരുന്നു ക്യാപ്റ്റന്‍ രഹാനെയുടെ തന്ത്രപരമായ നീക്കം. പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു. അതിന് ഉടന്‍ ഫലവും കണ്ടു. നിലയുറപ്പിച്ചെന്ന് കരുതിയ മാത്യു വെയ്ഡിനെ(30) ജഡേജുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഓസീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടു. 

പിന്നീടായിരുന്നു ഇന്ത്യ കാത്തിരുന്ന വിക്കറ്റ്. മെല്‍ബണില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള സ്റ്റീവ് സ്മിത്തിനെ(0) ലെഗ് സ്ലിപ്പില്‍ പൂജാരയുടെ കൈകകളിലെത്തിച്ച് അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു. ആദ്യ ടെസ്റ്റില്‍ സ്മിത്തിനെ ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ പുറത്താക്കിയത്. മൂന്നിന് 38 -ലേക്ക് തകര്‍ന്ന ഓസീസിനെ ലാബുഷെയ്നും(26) ട്രാവിസ് ഹെഡ്ഡും(4) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസീസിനെ 65/3ല്‍ എത്തിച്ചു.

Review: Unsuccessful for India pic.twitter.com/sZRCUHV26k

— cricket.com.au (@cricketcomau)

ലഞ്ചിന് തൊട്ടുമുമ്പ് അശ്വിന്‍ ലാബുഷെയ്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും ഡിആര്‍എസ് എടുത്ത ലാബുഷെയ്ന്‍ രക്ഷപ്പെട്ടു. 

 

click me!