
ലഖ്നൗ: ലോകകപ്പില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസേ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ജയം അനായാസമാക്കിയത്. അവസാനം ആഞ്ഞടിച്ച ഗ്ലെന്‍ മാക്സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ഓസീസ് ജയം വേഗത്തിലാക്കി. ഈ ലോകകപ്പില്‍ ഓസ്ട്രേലിയ ആദ്യ ജയം കുറിച്ചപ്പോള്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി. സ്കോര്‍ ശ്രീലങ്ക 43.3 ഓവറില്‍ 209ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 35.2 ഓവറില്‍ 215-5.
ലങ്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയക്ക് തുടക്കത്തില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(11) സ്റ്റീവ് സ്മിത്തും(0) തുടക്കത്തിലെ വീണതോടെ ഓസീസ് ഒന്ന് ഞെട്ടി. എന്നാല്‍ മാര്‍നസ് ലാബുഷെയ്നും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന്ന ഓസീസിനെ കരകയറ്റി.
സ്കോര്‍ 100 കടക്കും മുമ്പെ ലാബുഷെയ്ന്‍ മടങ്ങിയെങ്കിലും ഇംഗ്ലിസിനെ കൂട്ടുപിച്ച് മാര്‍ഷ് ഓസീസിനെ 150 കടത്തി.മാര്‍ഷ് മടങ്ങിയശേഷം വിജയത്തിന് അടുത്ത് ഇംഗ്ലിസിനെയും(58) ഓസീസിന് നഷ്ടമായെങ്കിലും മാക്സ്‌വെല്ലും(21 പന്തില്‍ 31*) സ്റ്റോയ്നിസും(10 പന്തില്‍ 20*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണിംഗ് വിക്കറ്റില്‍ 125 റണ്‍സടിച്ചശേഷമായിരുന്നു ശ്രീലങ്കയുടെ നാടകീയ തകര്‍ച്ച.78 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ പാതും നിസങ്ക 61 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ 25 റണ്‍സടിച്ച ചരിത് അസലങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ആദം സാംപ നാലും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!