Asianet News MalayalamAsianet News Malayalam

മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

മഴമൂലം 18 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ മുംബൈ 15.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.

Ajinkya Rahane Scores qucick fire 50 vs Hariyan in Syed Mushtaq Ali Trophy 2023 gkc
Author
First Published Oct 16, 2023, 9:21 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ബാറ്റിംഗ് വെടിക്കെട്ട് നടത്തി വിസ്മയിപ്പിച്ച അജിങ്ക്യാ രഹാനെ അതേ പ്രകടനം മുംബൈ കുപ്പായത്തിലും ആവര്‍ത്തിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുകത്തില്‍ മുംബൈ ഹരിയാനക്കെതിരെ എട്ടു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

മഴമൂലം 18 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ മുംബൈ 15.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ രഹാനെ തന്നെയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്സ്. രണ്ടാം ഓവറില്‍ 12 റണ്‍സുമായി യശസ്വി ജയ്‌സ്വാള്‍ മടങ്ങിയശേഷമാണ് രഹാനെ ക്രീസിലെത്തിയത്.

അങ്ക്രിഷ് രഘുവംശി(28)ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രഹാനെ ശിവം ദുബെയെ(26) കൂട്ടുപിടിച്ച് മുംബൈയെ വിജയത്തിലെത്തിച്ചു.നേരത്തെ 38 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലിന്‍റെയും 36 റണ്‍സെടുത്ത അങ്കിത് കുമാറിന്‍റെയും 30 റണ്‍സെടുത്ത നിഷാന്ത് സന്ധുവിന്‍റെയും 10 പന്തില്‍ 18 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയുടെയും ബാറ്റിംഗ് മികവിലാണ് ഹരിയാന ഭേദപ്പെട്ട സ്കോറിലെത്തിയത്.

ബാറ്റിംഗിൽ നിരാശ, പക്ഷെ നായകനായി തിളങ്ങി സഞ്ജു സാംസൺ, മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പന്‍ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് നടക്കേണ്ട പല മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. കര്‍ണാടക-തമിഴ്നാട് മത്സരവും ഡല്‍ഹി-ഉത്തര്‍പ്രദേശ് മത്സരവും മഴമൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. മറ്റ് മത്സരങ്ങളില്‍ ബറോഡ ജമ്മു കശ്മീരിനെയും വിദര്‍ഭ ഉത്തരാഖണ്ഡിനെയും റെയില്‍വെ മണിപ്പൂരിനെയും മഹാരാഷ്ട ബെഗാളിനെയും കേരളം ഹിമാചല്‍ പ്രദേശിനെയും സൗരാഷ്ട്ര, പഞ്ചാബിനെയും തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയില്‍ സര്‍വീസസുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios