T20 World Cup : അന്ന് കോലിയുമായി എന്താണ് സംസാരിച്ചത് ?, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ബാബറിന്‍റെ മറുപടി

By Web TeamFirst Published Dec 13, 2021, 8:41 PM IST
Highlights

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാമെന്ന് പറഞ്ഞ് പാക് ടീമിന്‍റെ മീഡിയ മാനേജര്‍ ഇമ്രാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആ ചോദ്യം അവിടെ വെച്ചു തന്നെ റദ്ദു ചെയ്തു കളഞ്ഞു.

കറാച്ചി: ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍ (IND vs PAK) സൂപ്പര്‍ പോരാട്ടത്തിനുശേഷം ആരാധകര്‍ ഏറ്റെടുത്ത ചിത്രങ്ങളായിരുന്നു വിരാട് കോലി(Virat Kohli) മത്സരശേഷം പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെ ആലിംഗനം ചെയ്യുന്നതും സമ്മാനദാച്ചടങ്ങിന് മുമ്പ് കോലിയും പാക് നായകന്‍ ബാബര്‍ അസമും(Babar Azam) ചിരിച്ചുകൊണ്ട് സംസാരിച്ചു നില്‍ക്കുന്നത്.

വെസ്റ്റ് ഇന്‍‍ഡീസിനെതിരായ പാക്കിസ്ഥാന്‍റെ ടി20 (PAK vs WI) പരമ്പരക്ക് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോള്‍ പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത് കോലിയെ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെക്കുറിച്ച് ബാബറിന്‍റെ അഭിപ്രായവും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ശേഷം എന്താണ് കോലിയോട് സംസാരിച്ചത് എന്നുമായിരുന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാമെന്ന് പറഞ്ഞ് പാക് ടീമിന്‍റെ മീഡിയ മാനേജര്‍ ഇമ്രാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആ ചോദ്യം അവിടെ വെച്ചു തന്നെ റദ്ദു ചെയ്തു കളഞ്ഞു. എന്നാല്‍ വലിയ വിവാദമൊന്നുമില്ലാത്തതിനാല്‍ എന്താണ് അന്ന് കോലിയോട് സംസാരിച്ചത് എന്നെങ്കിലും വെളിപ്പെടുത്താമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ബാബബറിനോട് ചോദിച്ചു.

ഇതിന് ബാബര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ശിരായണ് ഞാന്‍ കോലിയുമായി സംസാരിച്ചിരുന്നു. പക്ഷെ അതെന്താണെന്ന് ഞാനെന്തിന്എല്ലാവരോടും പറയണം എന്നായിരുന്നു ബാബറിന്‍റെ തിരിച്ചുള്ള ചോദ്യം.

ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ കോലിയും ബാബറും നേര്‍ക്കു നേര്‍വന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കോലിയും ബാബറും അര്‍ധസെഞ്ചുറി നേടിയ തിളങ്ങിയെങ്കിലും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. ഈ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു.

click me!