
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടക്കുന്ന ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പാകിസ്ഥാന്‍ ജയിച്ചിരുന്നു. ഇന്ന് ആതിഥേയരായ ന്യൂസിലന്‍ഡിനെയാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനേയും പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാന് ന്യൂസിലന്‍ഡിലെത്തിയത്.
ഇന്ന് ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്താനും ബാബറിനായി.
ബാബറിന്റെ 28-ാം അര്‍ധ സെഞ്ചുറിയായിരുന്നിത്. 84-ാം ഇന്നിംഗ്‌സിലാണ് ബാബര്‍ ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടിയത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബാബറും ഒപ്പമാണ്. കോലിയും 84-ാം ഇന്നിംഗ്‌സിലാണ് 28-ാം അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. സ്‌കോര്‍ പിന്തുടരുമ്പോള്‍ ബാബറിന്റെ 12-ാം അര്‍ധ സെഞ്ചുറിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമെത്താനും ബാബറിനായി. കോലിയും ഡേവിഡ് വാര്‍ണറുമാണ് ഇനി ബാബറിന് മുന്നിലുള്ളത്. 19 അര്‍ധ സെഞ്ചുറികളാണ് ഇരുവരും ചേസ് ചെയ്യുമ്പോള്‍ നേടിയിട്ടുള്ളത്.
ബാബര്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ നേടിയ 12 അര്‍ധ സെഞ്ചുറികളില്‍ 11ലും പാകിസ്ഥാനെ ജയിപ്പിക്കാന്‍ ബാബറിനായിരുന്നു. ഇന്ന് ബാബറിന് പുറമെ ഷദാബ് ഖാനും (34) തിളങ്ങിയിരുന്നു. മുഹമ്മദ് റിസ്‌വാന്‍ (4), ഷാന്‍ മസൂദ് (0), മുഹമ്മദ് നവാസ് (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹൈദര്‍ അലി (10) ബാബറിനൊപ്പം പുറത്താവാതെ നിന്നു.