
കറാച്ചി: ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം. സൂപ്പര്‍ താരം ബാബര്‍ അസം, ഫഖര്‍ സമാന്‍, സല്‍മാന്‍ മിര്‍സ എന്നിവര്‍ ലോകകപ്പ് കളിച്ചത് പൂര്‍ണ കായികക്ഷമത ഇല്ലാതെയാണെന്ന ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം ആക്വിബ് ജാവേദ് രംഗത്തെത്തി. ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആക്വിബ് ജാവേദ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ലോകകപ്പിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് താരങ്ങളുടെ പരിക്കിനെക്കുറിച്ച് സെലക്ടര്‍മാര്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആക്വിബ് ജാവേദിന്റെ വാക്കുകള്‍... ''ബാബര്‍ അസമും ഫഖര്‍ സമാനും നിലവില്‍ കളിക്കാന്‍ ഫിറ്റല്ല. ലോകകപ്പ് സമയത്ത് ഇവരുടെ കായികക്ഷമത നിരീക്ഷിച്ചിരുന്നില്ലേ? പരിക്കുണ്ടായിട്ടും അത് മറച്ചുവെച്ചാണോ ഇവര്‍ ടീമില്‍ തുടര്‍ന്നത്? ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണം. താരങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ഹെഡ് കോച്ചും ഫിസിയോയുമാണ് നോക്കേണ്ടത്. പരിക്കുണ്ടായിരുന്നുവെങ്കില്‍ സെലക്ടര്‍മാരായ ഞങ്ങളെ അത് അറിയിക്കേണ്ടതായിരുന്നു. ആക്വിബ് ജാവേദ് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 മത്സരത്തില്‍ ബാബര്‍ അസമിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലും നാഷണല്‍ ടി20 ചാമ്പ്യന്‍ഷിപ്പിലും ബാബര്‍ കളിക്കാത്തത് പരിക്കു മൂലമാണെന്നും ആക്വിബ് വ്യക്തമാക്കി.
ആക്വിബ് ജാവേദ് പരിക്കിന്റെ കാര്യം പറയുമ്പോള്‍, ബാബര്‍ അസം തന്റെ ബാറ്റിംഗ് സാങ്കേതികതയിലെ പിഴവുകള്‍ തിരുത്താനാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 26ന് ആരംഭിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരമെന്നും സൂചനയുണ്ട്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ബാബറിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഉടലെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!