
കറാച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് ബാബര്‍ അസമുംമുഹമ്മദ് റിസ്‌വാനും ഷഹീന്‍ അഫ്രീദിയും പുറത്ത്. ഈ മാസം 20 മുതല്‍ 24 വരെ ധാക്കയില്‍ നടക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയില്‍ സല്‍മാന്‍ ആഗയാണ് പാകിസ്ഥാനെ നയിക്കുക.
ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ വൈറ്റ് ബോള്‍ സീരീസിലേക്ക് ബാബര്‍, റിസ്‌വാന്‍, അഫ്രീദി എന്നിവരെ പരിഗണിക്കില്ലെന്ന് കോച്ച് മൈക്ക് ഹെസ്സൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി20 പകരം ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കാനും മൂവരോടും കോച്ച് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരക്കുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കും.
ബാബറിനും റിസ്‌വാനും അഫ്രീദിക്കും പുറമെ ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവരെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കില്‍ മോചിതരാവാത്തതിനാലാണ് ഇവരെ ഒഴിവാക്കിയത്. അതേസമയം, മുഹമ്മദ് നവാസ്, സൂഫിയാന്‍ മോഖിം, യുവ പേസ് സെൻസേഷനായ സല്‍മാന്‍ മിര്‍സ എന്നിവരെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 20ന് ആദ്യ ടി20യും 22ന് രണ്ടാം ടി20യും 24ന് മൂന്നാം ടി20യും നടക്കും. ഓഗസ്റ്റ് ഒന്നു മുതലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സര ടി20 പരമ്പരക്കുശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും പാകിസ്ഥാന്‍ കളിക്കും.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ദാനിയാൽ, ഫഹീം അഷ്‌റഫ്, ഫഖർ സമൻ, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, സഹിബ്സാദ ഫർഹാൻ, സയ്യിം അയൂബ്, സല്‍മാന്‍ മിര്‍സ, സൂഫിയ മൊഖിം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക