
ബ്രിസ്‌ബേന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചതിന് പിന്നാലെ ബ്രിസ്‌ബേന്‍ പിച്ചിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. രണ്ട് ദിവസം പൂര്‍ത്തിയാവും മുമ്പ് മത്സരം പൂര്‍ത്തിയായിരുന്നു. 142 ഓവറിനിടെ ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4. പേസര്‍മാരെ വഴിവിട്ട് സഹായിച്ച പിച്ചില്‍ അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മത്സരത്തിന് പിന്നാലെ ചില മോശം റെക്കോര്‍ഡുകളിലൊന്നില്‍ ബ്രിസ്‌ബേന്‍ പിച്ച് രണ്ടാമതായി. 2000ത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബ്രിസ്‌ബേന്‍ ടെസ്റ്റ്. 866 പന്തുകള്‍ മാത്രമാണ് ബ്രിസ്‌ബേനില്‍ എറിഞ്ഞത്. ഇക്കാര്യത്തില്‍ അഹമ്മദാബാദിലെ പിച്ചാണ് ഒന്നാം സ്ഥാനത്ത്. 2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആകെ എറിഞ്ഞത് 842 പന്തുകള്‍ മാത്രമാണ്. 2002ല്‍ ഷാര്‍ജയില്‍ നടന്ന പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടെസ്റ്റ് മൂന്നാമതായി. 893 പന്തുകള്‍ മാത്രമാണ് എറിഞ്ഞത്.
എന്തായാലും ബ്രിസ്‌ബേന്‍ പിച്ചിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തതിങ്ങനെ... ''രണ്ട് ദിവസം പോലും ബ്രിസ്‌ബേന്‍ ടെസ്റ്റ് നീണ്ടുനിന്നില്ല. എറിഞ്ഞത് വെറും 142 ഓവറുകള്‍ മാത്രം. എന്നാല്‍ ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് അവര്‍ ക്ലാസെടുക്കാറുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തീര്‍ന്നുവെന്നും ടെസ്റ്റ് നശിച്ചുവെന്നും മുദ്രകുത്തിയേനെ. ഇത്തരം ഇരട്ടവാദങ്ങള്‍ മനസ് മടുപ്പിക്കും.'' സെവാഗ് കുറിച്ചിട്ടു.
ജയിക്കാന്‍ 34 റണ്‍സ് മാത്രമാണ് ഓസീസിന് വേണ്ടിയിരുന്നത്. എന്നാല്‍ മുന്‍നിരയിലെ നാല് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഉസ്മാന്‍ ഖവാജ (2), ഡേവിഡ് വാര്‍ണര്‍ (3), ഹെഡ് (0), സമിത്ത് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 19 റണ്‍സാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ലബുഷെയ്ന്‍ (5), ഗ്രീന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹെഡ്ഡാണ് പ്ലയര്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണില്‍ ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!