സഞ്ജു ഒരിക്കല്‍കൂടി നിരാശപ്പെടുത്തി; വിജയ് ഹസാരെയില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് മോശം തുടക്കം

By Web TeamFirst Published Feb 26, 2021, 10:32 AM IST
Highlights

ഉത്തപ്പയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മിഥുന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ആര്‍ ശരത്തിന് ക്യാച്ച് നല്‍കിയാണ് ഉത്തപ്പ മടങ്ങിയത്.

ബംഗളൂരു: കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ മൂന്നിന് 73 എന്ന നിലയിലാണ്. റോബിന്‍ ഉത്തപ്പ (0), സഞ്ജു സാംസണ്‍ (3), വിഷ്ണു വിനോദ് (29) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. സച്ചിന്‍ ബേബി (7), വത്സല്‍ ഗോവിന്ദ് (23) എന്നിവരാണ് ക്രീസില്‍. അഭിമന്യു മിഥുന്‍, പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരിട്ട ആദ്യ പന്തില്‍ തന്നെ കേരളത്തിന് മികച്ച ഫോമിലുള്ള ഉത്തപ്പയെ നഷ്ടമായി. ഉത്തപ്പയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മിഥുന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ആര്‍ ശരത്തിന് ക്യാച്ച് നല്‍കിയാണ് ഉത്തപ്പ മടങ്ങിയത്. മുമ്പ് കര്‍ണാടക താരം കൂടിയായിരുന്നു ഉത്തപ്പ. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയ ഉത്തപ്പയുടെ പുറത്താകല്‍ കേരളത്തിന് കടുത്ത നിരാശ സമ്മാനിച്ചു.

സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. കേവലം അഞ്ച് പന്ത് മാത്രമായിരുന്നു സഞ്ജുവിന്റെ ആയുസ്. പ്രസിദ്ധിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. നന്നായി തുടങ്ങിയ വിഷ്ണു ശ്രേയസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡായി. ഗ്രൂപ്പ് സിയില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമാണ് കേരളം. മൂന്ന് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമതാണ് ടീം. എട്ട് പോയിന്റ് മാത്രമുള്ള കര്‍ണാടക രണ്ടാം സ്ഥാനത്താണ്.

click me!