തിരിച്ചുവരവില്‍ മിന്നുന്ന പ്രകടനവുമായി ഷാക്കിബ്; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അനായാസ ജയം

By Web TeamFirst Published Jan 20, 2021, 6:16 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 122ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 33.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 122ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 33.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ഒരു വര്‍ഷത്തെ വിലക്കിന് ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചെത്തിയ ഷാക്കിബ് അല്‍ ഹസന്റെ നാല് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. 7.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷാക്കിബ് നാല് വിക്കറ്റ് വീഴ്ത്തിയത്. വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഒരു വര്‍ഷത്തെ വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന് താരം ടീമിനൊപ്പം ചേരുകയായിരുന്നു. 

തിരിച്ചുവരവ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. 40 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. സുനില്‍ ആംബ്രിസ് (7), ജോഷ്വാ ഡാ സില്‍വ (9), ആന്ദ്രേ മക്കാര്‍ത്തി (12), ജേസണ്‍ മുഹഹമ്മദ് (17), ക്രുമ ബോന്നര്‍ (0), റെയ്‌മോന്‍ റീഫെര്‍ (0), അല്‍സാരി ജോസഫ് (4), അകെയ്ല്‍ ഹൊസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷാക്കിബിന് പുറമെ ഹസന്‍ മെഹ്മുദ് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മെഹ്ദി ഹസന് ഒരു വിക്കറ്റുണ്ട്.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ (44) പ്രകടനമാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (14), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (1), ഷാക്കിബ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഷ്ഫിഖുര്‍ റഹീം (19), മഹ്മുദുള്ളാ (9) എന്നിവര്‍ പുറത്താവാതെ നിന്നു. അകെയ്ല്‍ ഹൊസൈന്‍ വിന്‍ീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!