ഫിഞ്ചിനെ കൈവിട്ട് ബാംഗ്ലൂര്‍, കേദാര്‍ ജാദവിനെ ഒഴിവാക്കി ചെന്നൈ

By Web TeamFirst Published Jan 20, 2021, 5:57 PM IST
Highlights

ഒമ്പത് കളികളില്‍ ബംഗ്ലൂരിനായി ഇറങ്ങിയ ക്രിസ് മോറിസിനും ഓള്‍ റൗണ്ടറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 34 റണ്‍സും 11 വിക്കറ്റും മാത്രമാണ് മോറിസിന് നേടാനായത്.

ബംഗലൂരു: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഓസീസ് ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ചിനെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെയും കൈവിട്ട് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്ത ഫിഞ്ചിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. 12 കളികളില്‍ 268 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ ഫിഞ്ചിന്‍റെ നേട്ടം.

ഒമ്പത് കളികളില്‍ ബംഗ്ലൂരിനായി ഇറങ്ങിയ ക്രിസ് മോറിസിനും ഓള്‍ റൗണ്ടറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 34 റണ്‍സും 11 വിക്കറ്റും മാത്രമാണ് മോറിസിന് നേടാനായത്. ഈ സാഹചര്യത്തിലാണ് മിനി താരലേലത്തിന് മുമ്പ് ഇരുവരെയും കൈവിടാന്‍ ബാംഗ്ലൂര്‍ തീരുമാനിച്ചത്.

അതേസമയം, കഴിഞ്ഞ സീസണില്‍ മെല്ലെപ്പോക്കിന് ഏറെ വിമര്‍ശനം നേരിട്ട കേദാര്‍ ജാദവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സും കൈയൊഴിഞ്ഞു. എട്ട് കളികളില്‍ 62 റണ്‍സ് മാത്രമാണ് കഴിഞ്ഞ സീസണില്‍ ജാദവിന്‍റെ നേട്ടം. കേദാര്‍ ജാദവിന് പുറമെ മുരളി വിജയ്, പിയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ് എന്നിവരെയും ചെന്നൈ കൈവിട്ടപ്പോള്‍ ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്ന, ഫാഫ് ഡൂപ്ലെസി, ഡ്വയിന്‍ ബ്രാവോ എന്നിവരെ ചെന്നൈ നിലനിര്‍ത്തി.

click me!