ഓസീസ് ടീമിലെടുത്തില്ല; റെക്കോര്‍ഡ് തകര്‍ത്ത് സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് മറുപടി

By Web TeamFirst Published Feb 6, 2020, 9:14 PM IST
Highlights

അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോയിനിസിനെ പരിഗണിച്ചിരുന്നില്ല

മെല്‍ബണ്‍: ബിഗ് ബാഷ് ടി20 ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം മെല്‍ബണ്‍ സ്റ്റാര്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്. ഡാര്‍സി ഷോര്‍ട്ടിന്‍റെ റെക്കോര്‍ഡാണ് സ്റ്റോയിനിസ് മറകടന്നത്. അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോയിനിസിനെ പരിഗണിച്ചിരുന്നില്ല. 

ഈ സീസണില്‍ 695 റണ്‍സാണ് മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ 54 പന്തില്‍ 89 റണ്‍സെടുത്താണ് സ്റ്റോയിനിസ് റെക്കോര്‍ഡ് തകര്‍ത്തത്. 2018 സീസണില്‍ ഹൊബാര്‍ട്ട് ഹറികെയ്‌നിനായി ഡാര്‍സി ഷോര്‍ട്ട് നേടിയ 637 റണ്‍സായിരുന്നു നിലവിലെ റെക്കോര്‍ഡ്. 

ഈ സീസണില്‍ 16 ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും താരം നേടിയപ്പോള്‍ 57.91 ആണ് ബാറ്റിംഗ് ശരാശരി. ബിഗ് ബാഷ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒന്‍പതാം സ്ഥാനമാണ് സ്റ്റോയിനിസിനുള്ളത്. 60 മത്സരങ്ങളില്‍ 1,731 റണ്‍സ് സ്റ്റോയിനിസിനുണ്ട്. 

ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. സിഡ്‌സി സിക്‌സേര്‍സ് ഓള്‍റൗണ്ടര്‍ ടോം കറനെ പിന്തള്ളിയാണ് സ്റ്റോയിനിസിന്‍റെ നേട്ടം. 

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ സിഡ്നി സിക്‌സേര്‍സിനെ മെല്‍ബണ്‍ സ്റ്റാര്‍സ് നേരിടും. സ്റ്റോയിനിസ് തിളങ്ങിയ മത്സരത്തില്‍ 28 റണ്‍സിന് ജയിച്ചാണ് മെല്‍ബണ്‍ സ്റ്റാര്‍സ് ഫൈനലിലെത്തിയത്. ഫൈനല്‍ നടക്കാനിരിക്കേ റണ്‍വേട്ടയില്‍ കൂടുതല്‍ ലീഡ് സ്വന്തമാക്കാന്‍ സ്റ്റോയിനിസിന് കഴിഞ്ഞേക്കും. 

click me!