അണ്ടര്‍-19 ലോകകപ്പ്: ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായി

By Web TeamFirst Published Feb 6, 2020, 9:10 PM IST
Highlights

ബംഗ്ലാദേശ് ആദ്യമായാണ് അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍.

ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തപ്പോള്‍ 44.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 211/8, ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 215/4. ബംഗ്ലാദേശ് ആദ്യമായാണ് അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍.

മഹമ്മദുള്‍ ഹസന്‍ ജോയിയുടെ സെഞ്ചുറിയാണ് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം ആനായാസം മറികടക്കാന്‍ ബംഗ്ലാദേശിന് കരുത്തായത്. 127 പന്തില്‍ 100 റണ്‍സെടുത്ത ജോയിക്ക് പുറമെ തൗഹിദ് ഹ്രദോയ്(40), ഷഹദത്ത് ഹുസൈന്‍(40 നോട്ടൗട്ട്) എന്നിവരും ബംഗ്ലാദേശിനായി തിളങ്ങി. ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈനും(14), തന്‍സിദ് ഹസനും(3) തുടക്കത്തിലെ വീണതോടെ തകര്‍ച്ചയോടെയാമ് ബംഗ്ലദേശ് തുടങ്ങിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജോയിയും ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ കരകയറ്റി. നാലാം വിക്കറ്റില്‍ ഷഹദത്ത് ഹുസൈനുമൊത്ത് ജോയി സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി ബെക്കാം വീലര്‍ ഗ്രീനാളും(75),നിക്കോളാസ് ലിഡ്‌സ്റ്റണും(44) മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.

click me!