
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും കോച്ച് ഗൗതം ഗംഭീറില്‍ വിശ്വാസം അര്‍പ്പിച്ച് ബിസിസിഐ. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ പേരില്‍ ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റില്‍ ഗഭീറിന് പകരം വിവിഎസ് ലക്ഷ്മണ്‍ പരീശിലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടീം തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഗംഭീറിന് പൂര്‍ണ പിന്തുണ നല്‍കി മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസിന് മുമ്പ് ടീം മാനേജ്മെന്‍റുമായും സെലക്ടര്‍മാരുമായും ബിസിസിഐ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീറിനെ മാറ്റാന്‍ ആലോചിക്കുന്നില്ലെന്നും 2027 ഏകദിന ലോകകപ്പുവരെയാണ് ഗംഭീറിന് കരാറുള്ളതെന്നും പുതിയ ടീമിനെ കെട്ടിപ്പടുക്കുന്ന ഈ ഘട്ടത്തില്‍ ഗംഭീറിനെ മാറ്റാനാവില്ലെന്നും ബിസിസിഐ പ്രതിനിധി എന്‍ഡിടിവിയോട് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ടീം മാനേജ്മെന്‍റുമായും സെലക്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തുമെന്നും ടെസ്റ്റ് ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് ഗംഭീറിനോട് ചോദിക്കുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.
നേരത്തെ മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കറും ഗംഭീറിന് പിന്തുണയുമായി എത്തിയിരുന്നു. ഗംഭീര്‍ പരിശീലകനാണെന്നും ഗ്രൗണ്ടിലിറങ്ങി മികവ് കാട്ടേണ്ടത് കളിക്കാരാണെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു. കോച്ചിന് എങ്ങനെ കളിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ മാത്രമെ കഴിയൂ. ഗ്രൗണ്ടിലിറങ്ങി കളിക്കാനാവില്ലല്ലോ എന്നും ഗവാസ്കര്‍ ചോദിച്ചിരുന്നു. ഗംഭീറിന് കീഴില്‍ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയ കാര്യം മറക്കരുതെന്നും ഗവാസ്കര്‍ പറഞ്ഞു. ടീം മോശം പ്രകടനം നടത്തുമ്പോള്‍ കോച്ചിനെ മാത്രം പഴി പറയുന്നത് ശരിയല്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!