BCCI contract: ബിസിസിഐ വാര്‍ഷിക കരാര്‍: ആ മൂന്നു പേര്‍ കൂടി എ പ്ലസിന് അര്‍ഹര്‍; ആകാശ് ചോപ്ര

Published : Mar 11, 2022, 05:41 PM IST
BCCI contract: ബിസിസിഐ വാര്‍ഷിക കരാര്‍: ആ മൂന്നു പേര്‍ കൂടി എ പ്ലസിന് അര്‍ഹര്‍; ആകാശ് ചോപ്ര

Synopsis

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരാകട്ടെ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ എ പ്ലസ് കരാറിന് എന്തുകൊണ്ടും അര്‍ഹനായ മൂന്ന് കളിക്കാരെ തെഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

മുംബൈ: ഇന്ത്യന്‍ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍(BCCI central contracts)  പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം (പ്രതിവര്‍ഷം ഏഴ് കോടി രൂപ) ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയില്‍ ഇത്തവണ മാറ്റങ്ങളൊന്നും വരുത്താന്‍ ബിസിസിഐ(BCCI)  തയാറായിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായി ഉയര്‍ത്തപ്പെട്ട രോഹിത് ശര്‍മയും(Rohit SHarma) മുന്‍ നായകന്‍ വിരാട് കോലിയും(Virat Kohli) പേസര്‍ ജസ്പ്രീത് ബുമ്രയും(Jasprit Bumrah) തന്നെയാണ് ഇത്തവണയും എ പ്ലസ് കരാര്‍ നിലനിര്‍ത്തിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍.

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരാകട്ടെ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ എ പ്ലസ് കരാറിന് എന്തുകൊണ്ടും അര്‍ഹനായ മൂന്ന് കളിക്കാരെ തെഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അതിലൊന്നാം പേരുകാരന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്(Ravindra Jadeja). ജഡേജ എന്തുകൊണ്ടും എ പ്ലസ് കരാര്‍ അര്‍ഹിക്കുന്ന കളിക്കാരനാണെന്ന് ചോപ്ര പറയുന്നു.

രോഹിത്തിനും കോലിക്കും ബുമ്രക്കുമൊപ്പം എ പ്ലസില്‍ എന്തുകൊണ്ട് ജഡേജയില്ല. ജഡജേയുടെ പേര് എന്തായാലും എ പ്ലസില്‍ ഉള്‍പ്പെടുത്തണമായിരുന്നു. അടുത്തതവണയെങ്കിലും ജഡേജക്ക് എ പ്ലസ് കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറാവുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന കളിക്കാരനാണ് ജഡേജ. അടുത്ത വര്‍ഷത്തെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജഡേജക്ക് പുറമെ കെ എല്‍ രാഹുലിനും റിഷഭ് പന്തിനും എ പ്ലസ് കരാറുകള്‍ നല്‍കണമെന്നും ചോപ്ര പറഞ്ഞു.

നിലവില്‍ ജഡേജ എ കാറ്റഗറിയിലാണ്. അടുത്തവര്‍ഷം കരാര്‍ പുതുക്കുമ്പോള്‍ ജഡേജ എ പ്ലസിലെത്തണം. ഒപ്പം രാഹുലും പന്തും എ പ്ലസില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണ്. റിഷഭ് പന്താവും എ പ്ലസിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്ന കളിക്കാരിലൊരാള്‍. ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണയാള്‍. അതുകൊണ്ടുതന്നെ തികച്ചും എ പ്ലസ് കരാര്‍ ലഭിക്കാന്‍ ഇവര്‍ അര്‍ഹരാണെന്നും ചോപ്ര പറഞ്ഞു.

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും തരം താഴ്ത്തിയിരുന്നു. രഹാനെയെയും പൂജാരയെയും എ കാറ്റഗറിയില്‍ നിന്ന് ബിയിലേക്ക്(മൂന്ന് കോടി വാര്‍ഷിക പ്രതിഫലം) മാറ്റിയപ്പോള്‍ പാണ്ഡ്യയെ എ യില്‍ നിന്ന് സി കാറ്റഗറിയിലേക്കാണ്(ഒരു കോടി വാര്‍ഷിക പ്രതിഫലം) മാറ്റിയത്.

മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ഉമേഷ് യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയും ബി ഗ്രേഡില്‍ നിന്ന് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരംതാഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും