ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളില്ല; ടീമിന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jul 8, 2021, 10:20 AM IST
Highlights

യുവതാരങ്ങളായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ടീമിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം

മുംബൈ: ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലേക്ക് രണ്ട് താരങ്ങളെക്കൂടി നൽകണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവശ്യം ബിസിസിഐ നിരസിച്ചുവെന്ന് റിപ്പോർട്ട്. യുവതാരങ്ങളായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ടീമിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.

ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. രണ്ട് പേരിൽ ഒരാൾ ശുഭ്‌മാന്‍ ഗില്ലിന് പകരവും മറ്റൊരാൾ മുൻകരുതൽ എന്ന നിലയിലും ടീമിനൊപ്പം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 28നാണ് ടീം മാനേജ്‌മെന്റ് ബിസിസിഐക്ക് കത്തയച്ചത്. നിലവിൽ റിസ‍ർവ് ഓപ്പണറായി ടീമിനൊപ്പമുള്ള അഭിമന്യൂ ഈശ്വരനെ ഗില്ലിന് പകരം കളിപ്പിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. 

എന്നാൽ വിരാട് കോലിയുമായി ച‍ർച്ച നടത്തിയാണ് ടീം തെരഞ്ഞെടുത്തതെന്നും ടീമിലുള്ള കളിക്കാരെ എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്ന് ടീം മാനേജ്‌മെന്റിന് വ്യക്തത വേണമെന്നുമാണ് ബിസിസിഐ നിലപാട്. 

ശ്രീലങ്കൻ പര്യടനം നടത്തുന്ന ടീമിലെ അംഗങ്ങളായ പൃഥ്വിയെയും ദേവ്ദത്തിനെയും ഇംഗ്ലണ്ടിലേക്ക് അയക്കേണ്ട കാര്യമില്ല. ഗില്ലിന് പരിക്കേറ്റെങ്കിലും രോഹിത്തിനൊപ്പം, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, അഭിമന്യൂ ഈശ്വരൻ എന്നിവർ ഓപ്പണ‍ർമാരായി ടീമിലുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ എട്ട് താരങ്ങളായി അധികമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സെലക്‌ടർമാർ വ്യക്തമാക്കുന്നു. 

ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

മനസാന്നിധ്യം, അവബോധം, കൃത്യത; ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ബിസിസിഐ- വീഡിയോ

ഏകദിന- ടി20 റാങ്കിംഗ്: രാഹുല്‍ നില മെച്ചപ്പെടുത്തി, കോലിയും രോഹിത്തും സ്ഥാനം നിലനിര്‍ത്തി

ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി; ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് സീനിയര്‍ താരം പിന്മാറി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!