ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 16 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യക്കായി ടി20യില്‍ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കുറിച്ചു. 

അഹമ്മദാബാദ്: ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20യില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടുന്ന താരമായി ഹാര്‍ദിക് പാണ്ഡ്യ. അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 25 പന്തില്‍ 63 റണ്‍സാണ് നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്. ഇതില്‍ 16 പന്തുകള്‍ക്കിടെ താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം യുവരാജ് സിംഗാണ്. 2007 പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഡര്‍ബനിലായിരുന്നു മത്സരം.

ഹാര്‍ദികിന്റെ വരവോടെ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് വീണു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ മുംബൈ, വാംഖഡെയില്‍ 17 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്ത്. 2021ല്‍ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 18 പന്തില്‍ താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, രാഹുലിനൊപ്പമുണ്ട്. 2022ല്‍ ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 18 പന്തിലാണ് സൂര്യ അര്‍ധ സെഞ്ചുറി നേടിയത്.

അവസാന ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മുന്നില്‍ വച്ചത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ നല്‍കിയ വെടിക്കെട്ട് തുടക്കം ഹാര്‍ദിക് പാണ്ഡ്യയും (25 പന്തില്‍ 63), തിലക് വര്‍മയും (42 പന്തില്‍ 73) ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടി. അഭിഷേക് 21 പന്തില്‍ 34 റണ്‍സും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് നേടി.

മത്സരത്തില്‍ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടിരുന്നു. അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ തന്നെ സഞ്ജു നാഴികക്കല്ല് പിന്നിട്ടു. 44 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.

YouTube video player