പുതിയ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടില്ലെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടാംനിര താരങ്ങളെ കളിപ്പിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

കൊളംബൊ: ശ്രീലങ്കന്‍ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റം. പുതിയ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടില്ലെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടാംനിര താരങ്ങളെ കളിപ്പിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനിടെയാണ് മാത്യൂസിന്റെ പിന്മാറ്റം.

കോണ്‍ട്രാക്റ്റ് ഒപ്പിടാതെയാണ് ഇംഗ്ലണ്ടിലേക്ക് പറന്നത്. ഇത് ബോര്‍ഡും താരങ്ങളും തമ്മില്‍ തുറന്ന പോരിന് വഴിവച്ചിരുന്നു. ഇതിനിടെ വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്‌വെല്ല എന്നിവര്‍ ഇംഗ്ലണ്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിരുന്നു. മൂവരേയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നാട്ടിലേക്ക് മടക്കിവിളിച്ചിരുന്നു. 

ഇന്ത്യ ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കുക. ഈ മാസം 13നാണ് ആദ്യ ഏകദിനം. 21ന് ടി20 പരമ്പര ആരംഭിക്കും.