
ദുബായ്: പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ പരാതി നല്‍കി ബിസിസിഐ. ഹാരിസ് റൗഫ്, സാഹിബ്‌സദാ ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരെയാണ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന് പരാതി നല്‍കിയത്. ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ രാഷ്ട്രീയസ്വഭാവമുള്ള പ്രതികരണങ്ങള്‍ നടത്തിയതാണ് പരാതിക്ക് ആധാരം. ഫര്‍ഹാന്‍ ബാറ്റ് കൊണ്ടു വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചിരിരുന്നു. മാത്രമല്ല, റൗഫ് 6-0 എന്ന് കാണികള്‍ക്ക് നേരേ ആംഗ്യം കാണിച്ചു (ഓപ്പറേഷന്‍ സിന്ദൂരില്‍ ആറ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ വീഴ്ത്തിയെന്ന അവകാശവാദം). വീഡിയോ സഹിതമാണ് ബിസിസിഐ പരാതി നല്‍കിയത്. ഇതിനെതിരെ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
അതേസമയം, പാകിസ്ഥാനെ പിന്നാലെ കൂടിയിരിക്കുകയാണ് ഐസിസി. ബംഗ്ലാദേശിനെതിരെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്റെ അടുത്ത മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി നിയോഗിച്ചു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്റെ രണ്ട് മത്സരങ്ങളും പൈക്രോഫ്റ്റാണ് നിയന്ത്രിച്ചത്. ഹസ്തദാനവിവാദത്തിന് ശേഷം പാകിസ്ഥന്റെ എല്ലാ മത്സരത്തിലും പൈക്രോഫ്റ്റിന് തന്നെ ഐസിസിസ ചുമതല നല്‍കി. മാച്ച് റഫറിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിഷേധം തള്ളിയാണ് ഐസിസി നീക്കം നടത്തുന്നത്. കഴിഞ്ഞ ഇന്ത്യ -പാക് മത്സരത്തോടെയാണ് ഐസിസി-പിസിബി പോര് തുടങ്ങിയത്. പിന്നീട് ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. യുഎഇക്കെതിരായ മത്സരം കളിക്കില്ലെന്ന് പിസിബി അറിയിച്ചു. പിന്നീട് അനുനയിപ്പിച്ച് മത്സരത്തിന് ഇറക്കുകയായിരുന്നു. ബഹിഷ്‌കരണ ഭീഷണി മുഴക്കിയതിന് പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങുകയാണ് ഐസിസി. ടൂര്‍ണമെന്റിലെ പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം തേടി ഇ മെയില്‍ അയച്ചിരുന്നു. യുഎഇക്കെതിരായ മത്സര ദിവസം, പാക് ടീം കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് ഐസിസി അന്വേഷണം നടത്തുന്നത്. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.