
ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നാളെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്‍റെ കരിയറിലെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന പരമ്പര നിർണ്ണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ സൈകിയ പൂർണ്ണമായും തള്ളി.
രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്‍റെ അവസാന മത്സരം കളിക്കുമെന്ന തരത്തിൽ യാതൊരു ചർച്ചയും ബിസിസിഐയിൽ നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ടീമിലെ സജീവ അംഗമാണെന്ന് ബിസിസിഐ സെക്രട്ടറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എന്നാൽ ലോർഡ്സ് ഏകദിനം രോഹിത്തിന്‍റെ അവസാന മത്സരമല്ലെന്ന് വ്യക്തമാക്കിയ സൈകിയ, പക്ഷെ 2027 ലോകകപ്പിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായില്ല. ടീമിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം രോഹിത് ഇന്ത്യക്കായി കളിക്കുമെന്നാണ് ബിസിസിഐ നിലപാട്. എഡ്ജ്ബാസ്റ്റണിലും കാർഡിഫിലും നടന്ന മത്സരങ്ങൾക്ക് ശേഷം 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്ന പരമ്പരയിലെ ഫൈനൽ പോരാട്ടം ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും.
2027-ലെ ഐസിസി ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ചീഫ് സെലക്ടറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ആലോചിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിലെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും 39-കാരനായ രോഹിത്തിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെയാണ് വിരമിക്കൽ വാർത്തകൾക്ക് ചൂടുപിടിച്ചത്.
നിലവിൽ കരിയറിലെ മോശം ഫോമിലൂടെയാണ് രോഹിത് കടന്നുപോകുന്നത്. ലോർഡ്സിലെ നിർണ്ണായകമായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ടാൽ, രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് സെലക്ടർമാർ നീങ്ങിയേക്കും. അങ്ങനെ വന്നാൽ വിരമിക്കൽ പ്രഖ്യാപനമില്ലാതെ തന്നെ താരത്തിന് പുറത്തിരിക്കേണ്ടി വരും. ഇന്ത്യക്കായി 287 ഏകദിനങ്ങൾ കളിച്ച ഈ ഇതിഹാസ ഓപ്പണർ, 48.58 ശരാശരിയിൽ 33 സെഞ്ചുറികൾ ഉൾപ്പെടെ 11,757 റൺസ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ ബാറ്റ്സ്മാനായ രോഹിത്തിന് ലോർഡ്സിലെ പ്രകടനം കരിയറിൽ നിർണ്ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!