രണ്ട് കിലോമീറ്റര്‍ ഓട്ടവും ജയിക്കണം; പുത്തന്‍ ഫിറ്റ്‌നസ് പരീക്ഷയുമായി ബിസിസിഐ

By Web TeamFirst Published Jan 22, 2021, 12:31 PM IST
Highlights

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കാനുള്ള യോയോ ടെസ്റ്റിന് പുറമേയാണ് പുതിയ ഫിറ്റ്‌നസ് പരീക്ഷ.

മുംബൈ: ടീം ഇന്ത്യയില്‍ ഫിറ്റ്‌നസ് അളക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ബിസിസിഐ. വേഗവും ശാരീരികക്ഷമതയും തെളിയിക്കാന്‍ രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഇനിമുതല്‍ ഓടിപ്പൂര്‍ത്തിയാക്കണം എന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കാനുള്ള യോയോ ടെസ്റ്റിന് പുറമേയാണ് പുതിയ ഫിറ്റ്‌നസ് പരീക്ഷ. കോണ്‍ട്രാക്‌ട് താരങ്ങളും സ്‌ക്വാഡില്‍ ഇടം നേടേണ്ട താരങ്ങളും ഈ ഓട്ടപ്പരീക്ഷ കൂടി പാസാവേണ്ടതുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഫിറ്റ്‌നസ് മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഇന്ത്യന്‍ താരങ്ങളെ വാര്‍ത്തെടുക്കാനാണ് ബിസിസിഐ പുതിയ രീതി നടപ്പാക്കുന്നത്. 

'താരങ്ങളുടെ ഫിറ്റ്‌നസ് അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ നിലവിലെ പരീക്ഷണ രീതികള്‍ സഹായിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. കൂടുതല്‍ ഉയരങ്ങളിലേക്ക് താരങ്ങളുടെ ആരോഗ്യനില ഉയര്‍ത്തേണ്ടത് പ്രധാനമാണ്. ടൈം ട്രയല്‍ പരീക്ഷ താരങ്ങളെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. ഓരോ വര്‍ഷവും ഫിറ്റ്‌നസ് നിലവാരം പുതുക്കിനിശ്‌ചയിക്കും' എന്നും ബിസിസിഐ പ്രതിനിധി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. 

ടീം ഇന്ത്യക്ക് ആശങ്കയേറുന്നു; ജഡേജയ്‌ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

പുത്തന്‍ നിയമാവലി അനുസരിച്ച് പേസര്‍മാര്‍ എട്ട് മിനുറ്റ് 15 സെക്കന്‍ഡിലും ബാറ്റ്സ്‌മാന്‍മാരും വിക്കറ്റ് കീപ്പര്‍മാരും സ്‌പിന്നര്‍മാരും എട്ട് മിനുറ്റ് 30 സെക്കന്‍ഡിലും രണ്ട് കി.മീ ദൂരം പിന്നിടണം. യോയോ ടെസ്റ്റിന്‍റെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 17.1 ആയി തുടരും. ഇക്കാര്യങ്ങള്‍ വാര്‍ഷിക കരാര്‍ താരങ്ങളെ അറിയിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡത്തിന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അനുമതി നല്‍കിക്കഴിഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരകളില്‍ പുത്തന്‍ രീതി നടപ്പാക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിന് താരങ്ങളെ പരിഗണിക്കുന്നതും ഇത് അവലംബിച്ചായിരിക്കും. താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ യോയോ ടെസ്റ്റിനെയാണ് ബിസിസിഐ കുറച്ച് വര്‍ഷങ്ങളായി ആശ്രയിക്കുന്നത്. അംബാട്ടി റായുഡു, കേദാര്‍ ജാദവ് തുടങ്ങി നിരവധി താരങ്ങള്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു.  

ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ലേലത്തുക ഓസീസ് താരത്തിന് ലഭിക്കും; പ്രവചനവുമായി ചോപ്ര

click me!