സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍; അന്വേഷണത്തിന് ഹാജരാവാന്‍ പാണ്ഡ്യക്കും രാഹുലിനും നോട്ടീസ്

By Web TeamFirst Published Apr 1, 2019, 7:12 PM IST
Highlights

ബിസിസിഐ ഓംബുഡ്‌സ്‌മാന്‍ ജസ്റ്റിസ് ഡി കെ ജയിനാണ് അന്വേഷണത്തിന് ഹാജരാവാന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്. കോഫി വിത്ത് കരണ്‍ ഷോയിലെ താരങ്ങളുടെ ചില പരാമര്‍ശങ്ങള്‍ വന്‍ വിവാദമാകുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്‌തിരുന്നു.
 

മുംബൈ: 'കോഫി വിത്ത് കരണ്‍' ഷോയിലെ സ്ത്രീവിരുദ്ധ പ്രസ്‌താവകളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ കെ എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യക്കും ബിസിസിഐ നോട്ടീസ്. ബിസിസിഐ ഓംബുഡ്‌സ്‌മാന്‍ ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഡി കെ ജയിനാണ് അന്വേഷണത്തിന് ഹാജരാവാന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്. കോഫി വിത്ത് കരണ്‍ ഷോയിലെ താരങ്ങളുടെ ചില പരാമര്‍ശങ്ങള്‍ വന്‍ വിവാദമാകുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്‌തിരുന്നു.

വിവാദത്തില്‍ ഇരുവരെയും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഓംബുഡ്‌സ്‌മാന്‍റെ നിയമനം വൈകുന്നതിനാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ പിന്നീട് തീരുമാനിച്ചു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പാണ്ഡ്യക്കും രാഹുലിനും മടങ്ങിയെത്താനായത്. ഐപിഎല്ലില്‍ കളിക്കുകയാണ് ഇപ്പോള്‍ ഇരുവരും. രാഹുല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെയും പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്‍റെയും താരമാണ്.  

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍  അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.  

പരിപാടിയില്‍ ഹര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്‍റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്.  
 

click me!