ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

By Web TeamFirst Published Apr 1, 2019, 5:22 PM IST
Highlights

ലോകകപ്പ് ടീമിനെ ഒരുക്കാനായി നിരവധി താരങ്ങളെയും കോംബിനേഷനുകളും പരീക്ഷിച്ചുവെന്നും ഇതില്‍ നിന്ന് ഏറ്റവും മികച്ച 15 പേരെയാണ് തെരഞ്ഞെടുക്കുകയെന്നും പ്രസാദ് പറഞ്ഞു.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യ ഈ മാസം 20ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദാണ് ടീം പ്രഖ്യാപിനത്തിന്റെ തീയതി പുറത്തുവിട്ടത്.

മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അന്തിമ 15 പേരെ തെരഞ്ഞെടുക്കുന്നതെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞു.

ലോകകപ്പ് ടീമിനെ ഒരുക്കാനായി നിരവധി താരങ്ങളെയും കോംബിനേഷനുകളും പരീക്ഷിച്ചുവെന്നും ഇതില്‍ നിന്ന് ഏറ്റവും മികച്ച 15 പേരെയാണ് തെരഞ്ഞെടുക്കുകയെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സജ്ജമായെന്നും ടീമിലെ ഒരു സ്ഥാനം മാത്രമാണ് ഇനി ഒഴിഞ്ഞു കിടക്കുന്നതെന്നും ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു.

നാലാം നമ്പറില്‍ ആരെ ബാറ്റിംഗിനിറക്കുമെന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിനകത്ത് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അംബാട്ടി റായിഡു മുതല്‍ ഋഷഭ് പന്ത് വരെയുളള സാധ്യതകളാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുളളത്. ഏപ്രില്‍ 20ന് 15 അംഗ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകരും.

click me!