Latest Videos

രണ്ടുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ്; ഐസിസി പദ്ധതി പൊളിക്കാന്‍ പുതിയ തന്ത്രവുമായി ഗാംഗുലി; പിന്തുണച്ച് ഇംഗ്ലണ്ടും ഓസ്ട്രേലിയയും

By Web TeamFirst Published Dec 25, 2019, 12:27 PM IST
Highlights

2021 മുതല്‍ ബിഗ് 3കള്‍ ഉള്‍പ്പെടുന്ന ചതുര്‍രാഷ്ട്ര പരമ്പര നടത്തുമെന്നും ആദ്യ പരമ്പര ഇന്ത്യയിലായിരിക്കുമെന്നും കഴിഞ്ഞ ദിവസം ഗാംഗുലി തന്നെ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആക്കാനും ടി20 ലോകകപ്പ് എല്ലാ വര്‍ഷവും നടത്താനുമുള്ള ഐസിസിയുടെ പദ്ധതി പൊളിക്കാന്‍ ലോക ക്രിക്കറ്റിലെ ബിഗ് 3 കളായ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും കൈകോര്‍ക്കുന്നു. എല്ലാവര്‍ഷവും ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പിന്നെ മറ്റൊരു ടീമും ഉള്‍പ്പെടുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് നടത്താനുള്ള പദ്ധതിയാണ് ഗാംഗുലി ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും മുന്നില്‍വെച്ചത്. ഇതിന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും പിന്തുണക്കുകയും ചെയ്തു.

ഈ മാസമാദ്യം ഗാംഗുലിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ട്രഷറര്‍ അരുണ്‍ ധുമാലും ലണ്ടനിലെത്തി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2021 മുതല്‍ ബിഗ് 3കള്‍ ഉള്‍പ്പെടുന്ന ചതുര്‍രാഷ്ട്ര പരമ്പര നടത്തുമെന്നും ആദ്യ പരമ്പര ഇന്ത്യയിലായിരിക്കുമെന്നും കഴിഞ്ഞ ദിവസം ഗാംഗുലി തന്നെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഏകദിന ലോകകപ്പ് നാലു വര്‍ഷത്തിലൊരിക്കലും ടി20 ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കലുമാണ് നടത്തുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന് ആരാധകരില്‍ നിന്ന് ലഭിച്ച വന്‍ പിന്തുണയാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഏകദിന ലോകകപ്പെന്ന ആശയത്തിലേക്ക് ഐസിസിയെ എത്തിച്ചത്. 2023 മുതല്‍ 2030 വരെയുള്ള ഭാവി പരമ്പരകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് ഐസിസി ആലോചിക്കുന്നത്.

എന്നാല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഏകദിന ലോകകപ്പും വര്‍ഷാവര്‍ഷം ടി20 ലോകകപ്പും നടത്തുന്നത് ദ്വിരാഷ്ട്ര പരമ്പരകളിലെ തങ്ങളുടെ പരസ്യവരുമാനം വന്‍തോതില്‍ ഇടിയാന്‍ കാരണമാകുമെന്നാണ് ബിസിസിഐയുടെയും ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെയും വിലയിരുത്തല്‍. ഇതിനെ പ്രതിരോധിക്കാനാണ് ബദല്‍ പരമ്പര എന്ന ആശയം ബിസിസിഐ മുന്നോട്ടുവെച്ചത്.

എല്ലാവര്‍ഷവും ടി20 ലോകകപ്പ് നടത്തുന്നത് ബിസിസിഐയുടെ പണപ്പെട്ടി നിറക്കുന്ന ഐപിഎല്ലിനും വലിയ തിരിച്ചടിയാകും. പുതിയ നീക്കത്തിലൂടെ ഐസിസിയില്‍ നിന്ന് ലഭിക്കാനുള്ള വിഹിതം സമ്മര്‍ദ്ദത്തിലൂടെ നേടിയെടുക്കാനാവുമെന്നും ബിസിസിഐ കരുതുന്നുണ്ട്.

click me!