
മുംബൈ: ലോക ഇലവനുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ (BCCI) മത്സരം ആലോചനയില്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മത്സരം നടത്താന്‍ ബിസിസിഐയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യം അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായികതാരങ്ങളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ഇന്ത്യന്‍ ടീമും (Team India) ലോകഇലവനും (World Eleven) തമ്മിലുള്ള ക്രിക്കറ്റ് മത്സരം കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഓഗസ്റ്റ് 22ആം തീയതി മത്സരം നടത്താന്‍ ബിസിസിഐയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചു. പ്രാഥമിക ചര്‍ച്ച നടന്നെന്ന് വ്യക്തമാക്കിയ ബിസിസിഐ വൃത്തങ്ങള്‍ മത്സരം നടത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയില്ല.
കുറഞ്ഞ സമയത്തിനുള്ളിലെ സംഘാടനവും പതിമൂന്നോ പതിനാലോ വിദേശതാരങ്ങളുടെ ലഭ്യതയുമാണ് വെല്ലുവിളി. ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളും കരീബിയന്‍ പ്രീമിയര്‍ലീഗും നടക്കുന്നതിനാല്‍ പ്രധാനതാരങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഇന്ത്യക്ക് സിംബാബ്‌വേ പര്യടനവും ഏഷ്യാ കപ്പുമുള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരൊക്കെയുണ്ടാകുമെന്നതിലും ആശയക്കുഴപ്പമുണ്ട്.
ഈ മാസം 22 മുതല്‍ 26 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ബിസിസിഐ പ്രതിനിധികള്‍ വിവിധ രാജ്യത്തെ ബോര്‍ഡ് മേധാവികളുമായി ചര്‍ച്ച നടത്തും. മത്സരം നടക്കുമെങ്കില്‍ ദില്ലിയാകും വേദി.