സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ചേര്‍ത്തുനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദിയെന്ന് വാക്കുകള്‍

By Web TeamFirst Published Jan 7, 2021, 12:25 PM IST
Highlights

ആശുപത്രിയില്‍ നിന്ന് മടങ്ങും മുമ്പ് ഡോക്‌ടര്‍മാര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞു സൗരവ് ഗാംഗുലി.

കൊല്‍ക്കത്ത: ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക്
മടങ്ങി. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ചയാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ നിന്ന് മടങ്ങും മുമ്പ് ഡോക്‌ടര്‍മാര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞു സൗരവ് ഗാംഗുലി. 'എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി. പ്രത്യേകിച്ച് ചികില്‍സിച്ച എല്ലാ ഡോക്‌ടര്‍മാര്‍ക്കും നന്ദിയറിയിക്കുന്നു. ഞാനിപ്പോള്‍ സുഖമായിരിക്കുന്നു. ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യവാനാകും എന്ന് പ്രതീക്ഷിക്കുന്നതായും' ഗാംഗുലി പറഞ്ഞു. 

വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ ശനിയാഴ്‌ച രാവിലെയാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഗാംഗുലിക്ക് തുടര്‍ ആന്‍ജിയോപ്ലാസ്റ്റികള്‍ ആവശ്യമില്ലെന്നാണ് ഒന്‍പതംഗ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിലവിലെ തീരുമാനം. 

വീട്ടിലെത്തിയ ശേഷവും ഗാംഗുലിയുടെ ആരോഗ്യം ഡോക്‌ടര്‍മാര്‍ നിരീക്ഷിക്കും. സാധാരണനിലയിലേക്ക് ഗാംഗുലി തിരിച്ചെത്താന്‍ ഒരുമാസം വരെ സമയം വേണ്ടിവരും. ആശുപത്രിയിലായിരിക്കേ ഗാംഗുലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി അദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 

എല്ലാവരേയും കരയിപ്പിച്ചല്ലോ സിറാജേ...സിഡ്‌നിയില്‍ ദേശീയഗാനത്തിനിടെ വിതുമ്പി താരം- വീഡിയോ

click me!