സിഡ്‌നി: ക്രിക്കറ്റില്‍ വിസ്‌മയകരമായി പടികള്‍ ചവിട്ടി ഇന്ത്യന്‍ ടെസ്റ്റ് ജഴ്‌സിയണിഞ്ഞ താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. ഹൈദരാബാദില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായി ജനിച്ച സിറാജ് പരിമിതമായ സാഹചര്യങ്ങള്‍ മറികടന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. അതുകൊണ്ടുതന്നെ ടീം ഇന്ത്യയിലെ മത്സരങ്ങള്‍ എല്ലാം സിറാജിനെ ഏറെ വൈകാരികമാക്കുന്നു.

ഓസ‌്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന് മുമ്പ് ദേശീയഗാനത്തിനിടെ കണ്ണീര്‍ തുടയ്‌ക്കുന്ന മുഹമ്മദ് സിറാജിനെ കാണാനായി. ഇന്ത്യന്‍ ജഴ്‌സിയണിയുമ്പോള്‍ സിറാജ് കണ്ണീര്‍ പൊഴിക്കുന്നത് ഇതാദ്യമല്ല. ന്യൂസിലന്‍ഡിനെതിരെ 2017ല്‍ രാജ്‌കോട്ടില്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചപ്പോഴും സിറാജ് വിതുമ്പുന്നത് ആരാധകര്‍ കണ്ടതാണ്. 

കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തിയ ശേഷം മുഹമ്മദ് സിറാജിന്‍റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടര്‍ന്ന സിറാജ് ക്രിക്കറ്റ് ലോകത്തെ അന്ന് കണ്ണീരണിയിച്ചു. സിറാജിനെ ആശ്വസിപ്പിച്ച് ഇന്ത്യന്‍ ടീമൊന്നാകെ എത്തി. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം പുറത്തെടുത്ത സിറാജിന് സിഡ്‌നി ടെസ്റ്റിലും ടീം ഇന്ത്യ അവസരം നല്‍കുകയായിരുന്നു.

സിഡ്‌നിയില്‍ സിറാജ് തുടങ്ങി 

സിഡ്‌നിയില്‍ പന്ത് കൊണ്ട് മികച്ച തുടക്കം ഇന്ത്യക്ക് നല്‍കാന്‍ സിറാജിനായി. അപകടകാരിയായ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രണ്ടക്കം കാണും മുമ്പ് തന്നെ സിറാജ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. തന്‍റെ രണ്ടാമത്തെ മാത്രം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്. വാര്‍ണറെ സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ചതോടെ ടെസ്റ്റ് കരിയറിലെ ആറാം വിക്കറ്റ് സിറാജ് സ്വന്തമാക്കി. അഞ്ച് റണ്‍സ് മാത്രമേ ഏറെ പ്രതീക്ഷയോടെ എത്തിയ വാര്‍ണര്‍ക്ക് നേടാനായുള്ളൂ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്‍റെ പിതാവ് അന്തരിച്ചു

ടെസ്റ്റ് കരിയറില്‍ സ്വന്തം മണില്‍ നാല് വര്‍ഷത്തിനും 25 ഇന്നിംഗ്‌സിനും ഇടയില്‍ ആദ്യമായാണ് വാര്‍ണര്‍ 10 റണ്‍സിനിടെ പുറത്താവുന്നത് എന്നത് ശ്രദ്ധേയമാണ്. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു. 

ദാനം നല്‍കിയ അവസരങ്ങള്‍ ഇന്ത്യ തുലച്ചു; സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം സെഷനില്‍ കടിഞ്ഞാണ്‍ ഏറ്റെടുത്ത് ഓസീസ്