IPL 2022 : രോഹിത്തിന്‍റെയും കോലിയുടേയും മോശം ഫോം; വിമര്‍ശകരെ തള്ളുന്ന മറുപടിയുമായി സൗരവ് ഗാംഗുലി

By Jomit JoseFirst Published May 16, 2022, 11:58 AM IST
Highlights

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 12 മത്സരങ്ങളില്‍ 18.17 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം

മുംബൈ: ഐപിഎല്ലില്‍(IPL 2022) മോശം ഫോമിന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയേയും(Virat Kohli) പിന്തുണച്ച് ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). ഓസ്‌ട്രേലിയയില്‍ ഒക്‌ടോബറില്‍ ടി20 ലോകകപ്പ്(ICC Men's T20 World Cup 2022) നടക്കാനിരിക്കേയാണ് ഇരുവരും ബാറ്റ് കൊണ്ട് കഷ്‌ടപ്പെടുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. എന്നാല്‍ ലോകകപ്പിന് മുമ്പ് രോഹിത്തും കോലിയും ഏറ്റവും മികച്ച ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ദാദയുടെ പ്രതീക്ഷ. 

'രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടേയും ഫോമിനെ കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല. ഇരുവരും വളരെ മികച്ച താരങ്ങളാണ്. വമ്പന്‍ താരങ്ങളാണ്. ടി20 ലോകകപ്പ് ഏറെ അകലെയാണ്, ടൂര്‍ണമെന്‍റിന് മുമ്പ് ഇരുവരും മികച്ച ഫോമിലെത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്' എന്നും ബിസിസിഐ പ്രസിഡന്‍റ് മിഡ് ഡേയോട് പറഞ്ഞു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 12 മത്സരങ്ങളില്‍ 18.17 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. ഹിറ്റ്‌മാന്‍ എന്ന് വിശേഷണമുള്ള രോഹിത്തിന് 125.29 സ്‌ട്രൈക്ക് റേറ്റ് മാത്രമേയുള്ളൂ. ഒരു തവണ പൂജ്യത്തില്‍ പുറത്തായപ്പോള്‍ അഞ്ച് തവണ രണ്ടക്കം കാണാതെ മടങ്ങി. ഈ സീസണില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ രോഹിത്തിനായിട്ടില്ല എന്നതാണ് വസ്‌തുത. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്താവുകയും ചെയ്‌തു. 

അതസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ മോശം പ്രകടനമാണ് മുന്‍ നായകന്‍ വിരാട് കോലി കാഴ്‌ചവെക്കുന്നത്. ഗോള്‍ഡന്‍ ഡക്കുകള്‍ കൊണ്ട് കിംഗ് കോലി കുപ്രസിദ്ധി നേടിയ സീസണാണിത്. റണ്‍ മെഷീന്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന കോലി 13 കളിയില്‍ 19.67 ശരാശരിയിലും 113.46 സ്‌ട്രൈക്ക് റേറ്റിലും 236 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഐപിഎല്‍ കരിയറില്‍ 14 സീസണിനിടെ കോലിയുടെ ഏറ്റവും മോശം പ്രകടനമാണിത്. ഉദ്ഘാടന സീസണില്‍ മാത്രമാണ് ഇതില്‍ക്കുറവ് റണ്‍സ് കോലി നേടിയിട്ടുള്ളൂ. അതേസമയം പ്ലേ ഓഫ് പ്രതീക്ഷയിലാണ് ആര്‍സിബി. 

IPL 2022 : ജയിക്കാതെ വഴിയില്ല; പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റല്‍സും ഇന്ന് മുഖാമുഖം

click me!