ബൗളിംഗ് കോച്ചാവാൻ ഗംഭീർ നിര്‍ദേശിച്ച ആ പേരും തള്ളി; ഇന്ത്യൻ കോച്ചിന് തുടക്കത്തിലെ കൂച്ചുവിലങ്ങിട്ട് ബിസിസിഐ

Published : Jul 17, 2024, 11:53 AM IST
ബൗളിംഗ് കോച്ചാവാൻ ഗംഭീർ നിര്‍ദേശിച്ച ആ പേരും തള്ളി; ഇന്ത്യൻ കോച്ചിന് തുടക്കത്തിലെ കൂച്ചുവിലങ്ങിട്ട് ബിസിസിഐ

Synopsis

നേരത്തെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്സിന്‍റെ പേരും ബിസിസിഐ തള്ളിയിരുന്നു.

മുംബൈ: ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന് തുടക്കത്തിലെ കൂച്ചുവിലങ്ങിട്ട് ബിസിസിഐ. തന്‍റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളി. ഏറ്റവും ഒടുവിലായി ബൗളിംഗ് കോച്ചായി ഗംഭീര്‍ നിര്‍ദേശിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസ മോര്‍ണി മോര്‍ക്കലിന്‍റെ പേരാണ് ബിസിസിഐ തള്ളിയത്. ഇതോടെ ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് സഹപരിശീലകരെ കണ്ടെത്താമെന്ന ഗംഭീറിന്‍റെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. സഹപരിശീലകരെ നിയമിക്കാനായില്ലെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സഹപരിശീലകരായിരിക്കും ശ്രീലങ്കയില്‍ ടീമിനൊപ്പം പോവുക.

നേരത്തെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്സിന്‍റെ പേരും ബിസിസിഐ തള്ളിയിരുന്നു. കോച്ചിന് മേല്‍ ബിസിസിഐ പിടമുറുക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. പരിശീലകനെന്ന നിലയില്‍ സ്വന്തം ഇഷ്ടപ്രകാരം ഗംഭീറിന് കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമണ് ബോര്‍ഡ് ഇതിലൂടെ ഗംഭീറിന് നല്‍കുന്നത്.

ശ്രീലങ്കയിൽ ഹാർദ്ദിക്കിനെ നായകനാക്കില്ല, പകരം മറ്റൊരു താരം; ടീമിൽ സഞ്ജുവിനും സാധ്യത; ഇന്ത്യൻ ടീമിനെ ഇന്നറിയാം

ഗ്രെഗ് ചാപ്പലിന്‍റെ കാലം മുതല്‍ സഹപരിശീലകരെ നിയമിക്കാന്‍ മുഖ്യ പരിശീലകന് ബിസിസിഐ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഗാരി കിര്‍സ്റ്റനും അനില്‍ കുംബ്ലെയും രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഈ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. ബൗളിംഗ് പരിശീലകാനായി ഭരത് അരുണിനെ രവി ശാസ്ത്രി തെരഞ്ഞെടുത്തത് പോലും ബിസിസിഐയുടെ അനുവാദത്തിന് കാത്തു നില്‍ക്കാതെയായിരുന്നു.

ദ്രാവിഡ് ആകട്ടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സഹ പരിശീലകരായ പരസ് മാംബ്രെയയെും ടി ദീലീപിനെയും തന്‍റെ ബൗളിംഗ് ഫീല്‍ഡിംഗ് പരിശീലകരായി തെരഞ്ഞെടുത്തപ്പോഴും ബിസിസിഐ എതിര്‍ത്തിരുന്നില്ല. എന്നാലിപ്പോള്‍ ഗംഭീറിന്‍റെ കാര്യത്തില്‍ സഹപരിശീലകനായി അഭിഷേക് നായരെ വേണമെന്ന ആവശ്യം മാത്രമാണ് ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ബിസിസിഐയില്‍ അധികാരം ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിന്‍റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം