ബുമ്രയും രാഹുലുമൊക്കെ ഉഷാറാണ്! പരിക്കേറ്റ ഇന്ത്യന്‍ താരങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിസിസിഐ

Published : Jul 21, 2023, 09:09 PM IST
ബുമ്രയും രാഹുലുമൊക്കെ ഉഷാറാണ്! പരിക്കേറ്റ ഇന്ത്യന്‍ താരങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിസിസിഐ

Synopsis

ബുമ്രയും പ്രസിദ്ധും പൂര്‍ണ കായികക്ഷമത തെളിയിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇരുവര്‍ക്കും നെറ്റ്‌സില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. എന്‍സിഎ സംഘടിപ്പിക്കുന്ന പരിശീലന മത്സരങ്ങളില്‍ ഇരുവരും കളിക്കും.

മുംബൈ: പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മെഡിക്കല്‍ അപ്‌ഡേറ്റ് പുറത്തുവിട്ട് ബിസിസിഐ. ദീര്‍ഘകാലമായി കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ബാറ്റര്‍മാരായ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കുണ്ടായ പുരോഗതിയാണ് ബിസിസിഐ അറിയിച്ചത്. അഞ്ച് താരങ്ങളും ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

ബുമ്രയും പ്രസിദ്ധും പൂര്‍ണ കായികക്ഷമത തെളിയിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇരുവര്‍ക്കും നെറ്റ്‌സില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. എന്‍സിഎ സംഘടിപ്പിക്കുന്ന പരിശീലന മത്സരങ്ങളില്‍ ഇരുവരും കളിക്കും. ഇരുവര്‍ക്കുമുണ്ടായ പുരോഗതില്‍ തൃപ്തരാണെന്ന് ബിസിസിഐ അറിയിച്ചു. പരിശീലന മത്സരങ്ങള്‍ക്ക് ശേഷം ഇരുവരുടേയും കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം കളിക്കാത്ത ബുമ്ര പുറംവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

രാഹുലും ശ്രേയസും നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചതായും ബിസിസിഐ അറിയിച്ചു. മാത്രമല്ല, കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനവും ഇരുവരും നടത്തുന്നുണ്ട്്. വരും ദിവസങ്ങളില്‍ പരിശീലനം കടുപ്പിക്കും. മാത്രമല്ല, റിഷഭ് പന്ത് വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. നേരിയ രീതിയില്‍ ബാറ്റിംഗ് - കീപ്പിംഗ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. താരത്തിന് വേണ്ടി പ്രത്യേക പരിശീലന സെഷനാണ് ഒരുക്കിയിരിക്കുന്നത്. 

ഏകദിനത്തിലും ടെസ്റ്റിലും ടീം ഇന്ത്യയുടെ നിര്‍ണായക താരമായി വളരുമ്പോഴാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ പരിക്ക് പിടികൂടിയത്. അയ്യര്‍ക്കും ശസ്ത്രക്രിയ വേണ്ടിവന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ കലശലായ പുറംവേദനയാണ് ശസ്ത്രക്രിയയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും ലോകകപ്പും നടക്കുമ്പോള്‍ നിര്‍ണായകമാണ് ശ്രേയസിന്റെ നാലാം നമ്പര്‍. അയ്യര്‍ക്ക് പകരം പരീക്ഷിച്ച ട്വന്റി 20 സ്റ്റാര്‍ സൂര്യകുമാര്‍ യാദവ് ഇതുവരെ ഏകദിന നാലാം നമ്പറില്‍ ക്ലച്ച് പിടിച്ചിട്ടില്ല. ജസ്പ്രീത് ബുമ്രയും ശ്രേയസ് അയ്യരും അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ലഭ്യമായിരിക്കും.

എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ