
രാജ്കോട്ട്: ദേശീയ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാതെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ മുങ്ങിനടക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. കരാറിലുള്ള താരങ്ങളെല്ലാം ദേശീയ ടീമിനൊപ്പമോ പരിക്കിലോ അല്ലെങ്കില്‍ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചിരിക്കണം എന്നാണ് ജയ് ഷായുടെ മുന്നറിയിപ്പ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് അവധിയെടുത്തിരിക്കുന്ന വിരാട് കോലിയെ ഷാ പിന്തുണച്ചു.
'ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന കാര്യം താരങ്ങളെ ഫോണിലൂടെ ഇതിനകം അറിയിച്ചുകഴിഞ്ഞു. ഇനി കത്തിലൂടെ രേഖാമൂലവും അറിയിക്കും. നിങ്ങളുടെ സെലക്ടറോ കോച്ചോ ക്യാപ്റ്റനോ ആവശ്യപ്പെട്ടാല്‍ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചിരിക്കണം. എന്നാല്‍ റെഡ് ബോളിലും വൈറ്റ് ബോളിലും കളിക്കാനാവില്ല എന്ന് എന്‍സിഎ ഏതെങ്കിലും താരത്തിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ റിപ്പോർട്ട് തന്നാല്‍ ഇളവുകളുണ്ടാകും. ഫിറ്റ്നസിലുള്ള യുവ താരങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. ഈ നിർദേശം കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ബാധകമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളുടെ കാര്യത്തില്‍ എന്ത് തീരുമാനവും കൈക്കൊള്ളാന്‍ സെലക്ടർമാരെ ചുമതലപ്പെടുത്തേണ്ടിവരും. കൃത്യമായ കാരണമില്ലാതെ വിരാട് കോലി അവധി ആവശ്യപ്പെടില്ല. ഞങ്ങളുടെ താരങ്ങളെ വിശ്വസിക്കുന്നു, എല്ലാ പിന്തുണയും നല്‍കുന്നു' എന്നും ജയ് ഷാ വ്യക്തമാക്കി.
സമീപകാലത്ത് ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ബഞ്ചിലിരുത്തിയത് ഇഷാന്‍ കിഷന് ദഹിച്ചില്ല എന്നാണ് സൂചനകള്‍. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മനസിക സമ്മര്‍ദം എന്ന കാരണം പറഞ്ഞ് കിഷന്‍ പിന്‍വാങ്ങി. രഞ്ജി ട്രോഫി മത്സരം കളിച്ച് ടീമിലേക്ക് ഇഷാന്‍ കിഷന് മടങ്ങിവരാം എന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയെങ്കിലും താരം ഝാർണ്ഡിന് വേണ്ടി ഒരൊറ്റ മത്സരത്തില്‍ പോലും ഇറങ്ങാതിരുന്നത് വിമർശനത്തിന് വഴിവെച്ചു. എന്നാല്‍ ഐപിഎല്‍ മുന്‍നിർത്തി ഇഷാന്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അല്ലാതെ വ്യക്തിപരമായി പരിശീലനം തുടങ്ങി. ഇതും ബിസിസിഐക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ ഇഷാന്‍ അടക്കമുള്ള താരങ്ങള്‍ക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!