ബിസിസിഐയില്‍ ദാദാ യുഗം തുടരും; സുപ്രധാന മാറ്റത്തിനൊരുങ്ങി ബിസിസിഐ

By Web TeamFirst Published Nov 11, 2019, 8:49 PM IST
Highlights

സംസ്ഥാന അസോസിയേഷനില്‍ അധികാര സ്ഥാനത്ത് ഇരുന്നത് പരിഗണിക്കാതെ ബിസിസിഐയുടെ അധികാരസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ടേം ഇരുന്നാല്‍ മാത്രം കൂളിംഗ് ഓഫ് പീരിയഡ് എന്ന രീതിയില്‍ ഭരണഘടന പരിഷ്കരിച്ചാല്‍ ഗാംഗലിക്ക് ആറ് വര്‍ഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് തുടരാം.

മുംബൈ: ബിസിസിഐയില്‍ സൗരവ് ഗാംഗുലി യുഗം തുടരുമെന്ന് സൂചന. ഡിസംബര്‍ ഒന്നിന് ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ ഭാരവാഹികളുടെ കാലവാധി നീട്ടാന്‍ ഉതകുന്ന തരത്തില്‍ ഭരണഘടന പരിഷ്കരിക്കാനാണ് തീരുമാനം. ഇതിന് ബിസിസിഐയില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണയും സുപ്രീം കോടതിയുടെ അംഗീകാരവും നേടണം.

ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടര്‍ച്ചയായി തുടര്‍ച്ചയായി രണ്ടു തവണ(ആറ് വര്‍ഷം)അധികാര സ്ഥാനത്തിരുന്നവര്‍ക്ക് ആ സ്ഥാനത്ത് തുടരണമെങ്കില്‍ മൂന്ന് വര്‍ഷത്തെ കൂളിംഗ് പീരിയഡ് വേണമെന്നാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിബന്ധന. കൂളിംഗ് പീരിയഡില്‍ ബിസിസിഐയിലെ സംസ്ഥാന അസോസിയേഷനിലോ ഒരു തരത്തിലുള്ള ചുമതലയും വഹിക്കാനുമാവില്ല. ഈ നിബന്ധ അനുസരിച്ചാണെങ്കില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്ക് ഒമ്പത് മാസം മാത്രമെ തുടരാനാവു. ബിസിസിഐ പ്രസഡിന്റാവുന്നതിന് മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് വര്‍ഷം ഗാംഗുലി പൂര്‍ത്തിയാക്കിയിരുന്നതിനാലാണിത്.

എന്നാല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഈ ശുപാര്‍ശയില്‍ നിന്ന് ബിസിസിഐയിലെ പ്രസിഡന്റ്, വൈസ് പ്രസിഡ‍ന്റ് സ്ഥാനങ്ങള്‍ ഒഴിവാക്കാനും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പദവികളില്‍ വരുന്നവര്‍ക്ക് തുടര്‍ച്ചയായി ഒമ്പതുവര്‍ഷവും പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികള്‍ക്ക് ആറ് വര്‍ഷവും ഭരണത്തിലിരിക്കാനും ഉതകുന്ന രീതിയില്‍ ഭരണഘടന പരിഷ്കരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

സംസ്ഥാന അസോസിയേഷനില്‍ അധികാര സ്ഥാനത്ത് ഇരുന്നത് പരിഗണിക്കാതെ ബിസിസിഐയുടെ അധികാരസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ടേം ഇരുന്നാല്‍ മാത്രം കൂളിംഗ് ഓഫ് പീരിയഡ് എന്ന രീതിയില്‍ ഭരണഘടന പരിഷ്കരിച്ചാല്‍ ഗാംഗലിക്ക് ആറ് വര്‍ഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് തുടരാം.

ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രതിഭാധനരെയും പരിചയ സമ്പത്തുള്ളവരെയും ബിസിസിഐ തലപ്പത്ത് വരുന്നത് തടയുമെന്നാണ് ബിസിസിഐ ഭരണഘടന പരിഷ്കാരത്തിന് പറയുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് പുറമെ ബിസിസിഐയുടെ ദൈനംദിന കാര്യങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും സെക്രട്ടറിയുടെ അധികാരം വിപുലമാക്കാനും ഭരണഘടന പരിഷ്കാരത്തില്‍ നിര്‍ദേശമുണ്ട്.

click me!