
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ അഴിച്ചുപണി നടത്താന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ മാറ്റില്ലെങ്കിലും ഗംഭീറിന്‍റെ പ്രത്യേക താല്‍പര്യപ്രകാരം നിയമിച്ച ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍, സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കുമെന്ന് ‘ദ് ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനുശേഷമാകും ഇവരെ പുറത്താക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാ കപ്പിനുശേഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുക. ഇംഗ്ലണ്ടിലെ അവസാന രണ്ട് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം എന്തുതന്നെയായാലും ഇരുവര്‍ക്കും പുറത്തേക്കുള്ള വഴി ഒരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീമിലെ ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ മോര്‍ണി മോര്‍ക്കല്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഗംഭീറിന്‍റെ സഹപരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെക്കും കാര്യമായ സംഭാവനയൊന്നും നല്‍കാനായിട്ടില്ലെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗംഭീര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഡോഷെറ്റെയായിരന്നു പരിശീലക ചുമതല വഹിച്ചിരുന്നത്. നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഗംഭീറിന്‍റെ താല്‍പര്യത്തില്‍ നിയമിച്ച ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരെ ബിസിസിഐ പുറത്താക്കിയിരുന്നു. പകരം സീതാന്‍ഷു കൊടകിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. ഐപിഎല്ലില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകരായിരുന്നു അഭിഷേക് നായരും മോര്‍ണി മോര്‍ക്കലും റിയാന്‍ ടെന്‍ ഡോഷെറ്റെയുമെല്ലാം.
ഗംഭീര്‍ പരീശിലക ചുമതല ഏറ്റെടുത്തശേഷം ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയെങ്കിലും ടെസ്റ്റില്‍ കളിച്ച 13 മത്സരങ്ങളില്‍ നാലു ജയം മാത്രമാണ് നേടാനായത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍റെ ഫലം വരുന്നതിന് മുമ്പുള്ള കണക്കുകളാണിത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കുല്‍ദീപ് യാദവിമെ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാത്തതിനെച്ചൊല്ലി സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!