
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലക്കായി ഇന്ത്യ പൊരുതുന്നു. 174-2 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 11 റണ്‍സിന്‍റെ ലീഡുണ്ട്. 53 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും 58 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 100 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ആദ്യ സെഷനില്‍ ഇന്ത്യക്ക് കെ എല്‍ രാഹുലിന്‍റെയും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു.
അവസാന ദിനം 35 ഓവറുകള്‍ കൂടി ഇനി പിടിച്ചു നിന്നാൽ മാത്രമെ ഇന്ത്യക്ക് സമനില പിടിക്കാനാകു.നാലു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യയെ ലഞ്ചിനുശേഷമുള്ള ആദ്യ മണിക്കൂറില്‍ ജഡേജയും സുന്ദറും ചേര്‍ന്ന് വീഴാതെ കാത്തു. ജഡേജയ്ക്കും സുന്ദറുമെതിരെ ഇംഗ്ലണ്ട് ഷോര്‍ട്ട് ബോള്‍ തന്ത്രം പ്രയോഗിച്ചെങ്കിലും ഇരുവരും അതിജീവിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ജഡേജ പിന്നീട് അവസരമൊന്നും നല്‍കാതെ പിടിച്ചു നിന്നു.
നേരത്തെ 174-2 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ ബെന്‍ സ്റ്റോക്സ് ആണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റോക്സിന്‍റെ പല പന്തുകളും താഴ്ന്നു വന്നപ്പോള്‍ ഗില്ലും രാഹുലും പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുങ്ങാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇതിനിടെ സ്റ്റോക്സിന്‍റെ പന്തില്‍ ഗില്‍ നല്‍കിയ പ്രയാസമുള്ളൊരു ക്യാച്ച് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കാനുള്ള ഒല്ലി പോപ്പിന്‍റെ ശ്രമം വിഫലമായത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ തൊട്ടു പിന്നാലെ രാഹുലിനെ താഴ്ന്നു വന്നൊരു പന്തില്‍ യാതൊരു അവസരവും നല്‍കാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്സ് 188 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു.
അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലിന്‍റെ സാഹസം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ജോഫ്ര ആര്‍ച്ചറുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ കട്ടിന് ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈയിലൊതുക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക