
ഹെഡിങ്‌ലി: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 95 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ ബി ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചപ്പോൾ ഓസ്ട്രേലിയ 16.4 ഓവറില്‍ 146 റണ്‍സിന് പുറത്തായി. 29 പന്തില്‍ 59 റണ്‍സടിച്ച ബെന്‍ കട്ടിംഗാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
ക്രിസ് ലിന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്തായപ്പോള്‍ ഷോണ്‍ മാര്‍ഷ്(18), ഡാര്‍സി ഷോര്‍ട്ട്(13), ബെന്‍ ഡങ്ക്(15), ഡാന്‍ ക്രിസ്റ്റ്യൻ(0), കാളം ഫെര്‍ഗ്യൂസന്‍(15) എന്നിവര്‍ നിലയുറപ്പിക്കാതെ പുറത്തായി. 67-8 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ കട്ടിംഗിനൊപ്പം 19 റണ്‍സെടുത്ത പീറ്റര്‍ സിഡിലും ചേര്‍ന്നാണ് 100 കടത്തിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ആരോൺ ഫാന്‍ഗിസോ നാലു വിക്കറ്റെടുത്തപ്പോൾ ഇമ്രാന്‍ താഹിര്‍ മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ എട്ടു പോയന്‍റുമായി ദക്ഷിണാണാഫ്രിക്കയും ഏഴ് പോയന്‍റുള്ള പാകിസ്ഥാനും സെമിയിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും നാലു കളികളില്‍ അഞ്ച് പോയന്‍റുള്ള ഓസീസും സെമിയിലെത്തി. അവസാന സെമി സ്ഥാനത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ഇനിയുള്ള പോരാട്ടം. വിന്‍ഡീസിന് നാലു കളിയില്‍ 2 പോയന്‍റും ഇംഗ്ലണ്ടിന് നാലു കളിയില്‍ ഒരു പോയന്‍റും ഇന്ത്യക്ക് മൂന്ന് കളിയില്‍ ഒരു പോയന്‍റുമാണുള്ളത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ചാമ്പ്യൻസ് ഇംഗ്ലണ്ട് ചാമ്പ്യൻസിന് നേരിടും.
ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 39 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്‍റെ ബാറ്റിംഗ് കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 41 പന്തില്‍ ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ 46 പന്തില്‍ 123 റണ്‍സടിച്ച ഡിവില്ലിയേഴ്സ് 15 ഫോറും എട്ട് സിക്സും പറത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ഓപ്പണര്‍മാരായി ഇറങ്ങിയ സ്മട്സും ഡിവില്ലിയേഴ്സും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 187 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കി.
22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡിവില്ലിയേഴ്സ് പിന്നീട് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 17 പന്തുകളായിരുന്നു. പീറ്റര്‍ സിഡില്‍ എറിഞ്ഞ എട്ടാം ഓവറില്‍ 18 റണ്‍സും ഡാന്‍ ക്രിസ്റ്റ്യൻ എറിഞ്ഞ പത്താം ഓവറില്‍ 19 റണ്‍സും ഡാര്‍സി ഷോർട്ട് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 22 റണ്‍സും അടിച്ചാണ് ഡിവില്ലിയേഴ്സ് 39 പന്തില്‍ സെഞ്ചുറിയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക