
മുംബൈ: ഐപിഎ ആവേശത്തിനിടയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ വരാനിരിക്കുന്ന നിർണായക ടെസ്റ്റ് മത്സരങ്ങളിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിര്‍ത്താൻ ടീമിലെ പ്രധാന പേസറായ ജസ്പ്രീത് ബുംറക്ക് ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും വിശ്രമം അനുവദിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഒൻപത് ടെസ്റ്റ് മത്സരങ്ങളാണ് അവേശേഷിക്കുന്നത്. ഇതിലെല്ലാം ബുംറ കളിക്കണമെന്നാണ് ബോർഡിന്‍റെ കർശന നിർദ്ദേശം.
ശ്രീലങ്കക്കും ന്യൂസിലൻഡിനും എതിരെ രണ്ട് ടെസ്റ്റുകൾ വീതം അടങ്ങിയ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ആദ്യം കളിക്കുക. ഇതിനുശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയക്കതിരെ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് ബാക്കിയുള്ളത്. ശ്രീലങ്കയിലും ന്യൂസിലൻഡിലും നടക്കുന്ന ടെസ്റ്റുകളിൽ ബുമ്ര അനിവാര്യമാണെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഏറ്റവും വലിയ വെല്ലുവിളി, ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം സീരീസിൽ ബുംറയെ പൂർണ്ണ കായികക്ഷമതയോടെ കളിപ്പിക്കുക എന്നതാണ്.
ഐപിഎല്ലിന് തൊട്ടുപിന്നാലെ ജൂൺ 6-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. ഈ മത്സരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ല. എന്നാൽ തൊട്ടുപിന്നാലെ മുളളൻപൂരിൽ നടക്കുന്ന ഏകദിന പരമ്പരയിലേക്ക് സീനിയർ താരങ്ങൾ തിരിച്ചെത്തിയേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇനി ഓരോ മത്സരവും നിർണായകമാണ്.
ബുംറയെ എല്ലാ ടെസ്റ്റുകളിലും കളിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ആവശ്യമെങ്കിൽ ചില ഏകദിനങ്ങളിൽ നിന്ന് അദ്ദേഹത്തിന് മാറിനിൽക്കാം. ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായി കാണേണ്ട സമയമാണിതെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. ടെസ്റ്റ് പരമ്പരകൾക്ക് മുൻപ് ടീമിന് കൂടുതൽ പരിശീലന സമയം ആവശ്യമാണെന്ന് നായകൻ ശുഭ്മൻ ഗിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുക എന്നത് ബിസിസിഐയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കൂടി പരിഗണിച്ചാണ് ബുംറയുടെ കാര്യത്തിൽ സെലക്ടർമാർ കരുതലെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!