
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനപ്രവാഹമാണിപ്പോള്‍. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് വനിതാ ഏകദിന ലോകകപ്പില്‍ കന്നിക്കിരീടം നേടിയ ഹര്‍മന്‍പ്രീതിനും സംഘത്തിനും ബിസിസിഐ 51 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു.
പാരിതോഷികത്തിന്‍റെ കാര്യത്തിലെന്നപോലെ പുരുഷ-വനിതാ താരങ്ങളുടെ വാര്‍ഷിക കരാറിന്‍റെ കാര്യത്തിലും ഇപ്പോഴും വലിയ അന്തരമുണ്ട്. വനിതാ താരങ്ങള്‍ക്ക് 2024-25 വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ പുരുഷ ക്രിക്കറ്റര്‍മാരുടേത് പോലെ എ പ്ലസ് കരാറില്ലായിരുന്നു. എ, ബി സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരുന്നു താരങ്ങള്‍ക്ക് വാര്‍ഷിക കരാര്‍ നല്‍കിയത്. ടെസറ്റ്, ഏകദിനം, ടി20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന മുന്‍നിര താരങ്ങള്‍ക്കാണ് പുരുഷ ക്രിക്കറ്റില്‍ എ പ്ലസ് കരാര്‍ നല്‍കാറുള്ളത്. വനിതാ ക്രിക്കറ്റില്‍ ടെസ്റ്റ് മത്സരങ്ങള്‍ അപൂര്‍വമായെ നടക്കാറുള്ളൂവെന്നതിനാലാണ് എ ബി, സി വിഭാഗങ്ങളിലായി കളിക്കാര്‍ക്ക് വാര്‍ഷിക കരാര്‍ നല്‍കുന്നത്.
ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരാണ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ എ വിഭാഗത്തിലുള്ളത്.ഗ്രൂപ്പ് ബിയില്‍ രേണുക താക്കൂര്‍, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഷഫാലി വര്‍മ എന്നിവരാണുള്ളത്. സി വിഭാഗത്തില്‍ രാധാ യാദവ്, അമന്‍ജ്യോത് കൗര്‍, ഉമ ഛേത്രി,സ്നേഹ് റാണ എന്നിവരാണുള്ളത്.
ബിസിസിഐയുടെ എ ഗ്രേഡിലുള്ള വനിതാ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. ബി ഗ്രേഡിലുള്ളവര്‍ക്ക് 30 ലക്ഷവും സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് 10 ലക്ഷവുമാണ് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കുക. ഓരോ മത്സരങ്ങളിലും കളിക്കുന്നതിന് ലഭിക്കുന്ന മാച്ച് ഫീസിന് പുറമെയാണിത്. എന്നാല്‍ പുരുഷ ടീമില്‍ എ പ്ലസ് കരാറുള്ള താരങ്ങള്‍ക്ക് 7 കോടി രൂപയും എ ഗ്രേഡിലുളള താരങ്ങള്‍ക്ക് 5 കോടിയും ബി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് 3 കോടിയും സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് 1 കോടി രൂപയുമാണ് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്.
ലിംഗസമത്വം ഉറപ്പാക്കാനായി വനിതകളുടെ മാച്ച് ഫീ പുരുഷ ക്രിക്കറ്റര്‍മാരുടേതിന് തുല്യമാക്കി ബിസിസിഐ മുമ്പ് ചരിത്രപ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് പുരുഷ-വനിതാ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ ഓരോ മത്സരത്തിനും 15 ലക്ഷവും ഏകദിനങ്ങള്‍ക്ക് ആറ് ലക്ഷവും ടി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും കളിക്കാര്‍ക്ക് മാച്ച് ഫീസായി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!