ലെജൻഡ്സ് ലീഗിൽ കളിക്കാനായി ഇതിഹാസ താരങ്ങള്‍ കേരളത്തിലേക്ക്, മത്സരങ്ങള്‍ ജനുവരിയില്‍ കൊച്ചിയില്‍

Published : Nov 04, 2025, 12:30 PM IST
Chris Gayle

Synopsis

ക്രിസ് ഗെയ്ൽ, സുരേഷ് റെയ്ന, ഹർഭജൻ സിംഗ്, ദിനേശ് കാർത്തിക്, ഇര്‍ഫാന്‍ പത്താൻ, യൂസഫ് പത്താന്‍, മാർട്ടിൻ ഗപ്ടിൽ, മുഹമ്മദ്‌ കൈഫ്‌ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ സീസണിൽ ലെജന്‍ഡ്സ് ലീഗില്‍ കളിച്ചിരുന്നു.

തിരുവനന്തപുരം: വിരമിച്ച കളിക്കാരുടെ ടി20 ലീഗായ ലെജന്‍ഡ്സ് ലീഗ് കേരളത്തിലേക്ക്. ജനുവരിയിൽ കൊച്ചിയിൽ മത്സരങ്ങൾ നടത്തുമെന്ന് ലെജന്‍ഡ്സ് ലീഗ് സ്ഥാപകന്‍ രമണ്‍ രഹേജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ കൊച്ചി അടക്കം ഏഴ് നഗരങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുക.

കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് ശ്രമിക്കുന്നതെന്നും നെഹ്‌റു സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ അടുത്തുള്ള ചെറിയ സ്റ്റേഡിയങ്ങൾ മത്സര സജ്ജമാക്കുമെന്നും രമൺ രഹേജ പറഞ്ഞു. ഒമാനിലും ശ്രീനഗറിലും അങ്ങനെയാണ് മത്സരങ്ങൾ നടത്തിയത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ലെജന്‍ഡ്സ് ലീഗ് മത്സരങ്ങള്‍ക്കായി ആദ്യം പരിഗണിച്ചത്. എന്നാൽ ജനുവരിയിൽ ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിന് വേദിയാവുന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തിൽ മത്സരം സംഘടിപ്പിക്കണമെന്ന് നിർബന്ധമുണ്ടെന്നും രമൺ രഹേജ വ്യക്തമാക്കി.

നെഹ്റു സ്റ്റേഡിയമില്ലെങ്കില്‍ മത്സരങ്ങള്‍ എവിടെ?

ജനുവരിയില്‍ കലൂര്‍ നെഹ്റു സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ലഭ്യമായില്ലെങ്കില്‍ കളമശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ട്, കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ട്, അങ്കമാലി ഫിസാറ്റ് ഗ്രൗണ്ട് എന്നിവയും മത്സരങ്ങള്‍ക്കായി പരിഗണിക്കും. വിമാനത്താവളത്തിന് അടുത്താണെന്നതും മികച്ച ഔട്ട് ഫീല്‍ഡ് ഉണ്ടെന്നതും കളമശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ടിന് അനുകൂല ഘടകങ്ങളാണ്.

ഇതിഹാസ താരങ്ങള്‍ കേരളത്തിലെത്തും

ക്രിസ് ഗെയ്ൽ, സുരേഷ് റെയ്ന, ഹർഭജൻ സിംഗ്, ദിനേശ് കാർത്തിക്, ഇര്‍ഫാന്‍ പത്താൻ, യൂസഫ് പത്താന്‍, മാർട്ടിൻ ഗപ്ടിൽ,മുഹമ്മദ്‌ കൈഫ്‌ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ സീസണിൽ ലെജന്‍ഡ്സ് ലീഗില്‍ കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ലെജന്‍ഡ്സ് ലീഗില്‍ കൊണാര്‍ക് സൂര്യ ഒഡിഷയെ സൂപ്പര്‍ ഓവറില്‍ തോല്‍പിച്ച് സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് ആണ് കിരീടം നേടിയത്.

കൊണാര്‍ക് സൂര്യ ഒഡിഷ, മണിപ്പാല്‍ ടൈഗേഴ്സ്, ടോയാം ഹൈദരാബാദ്, ഗുജറാത്ത് ഗ്രേറ്റ്സ്, സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്, ഇന്ത്യ ക്യാപിറ്റല്‍ എന്നിങ്ങനെ ആറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റില്‍ 9 മത്സരങ്ങളില്‍ 339 റണ്‍സടിച്ച മുന്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലായിരുന്നു ടൂര്‍ണമെന്‍റിലെ താരാമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് ഗ്രേറ്റ്സിനായി കളിച്ച ക്രിസ് ഗെയ്ൽ, ഷോണ്‍ മാര്‍ഷ്, ഹാഷിം അംല, ഡ്വയിന്‍ സ്മിത്ത് എന്നിവര്‍ക്ക് പുറമെ മുന്‍ ഇന്ത്യൻ താരങ്ങളായ അംബാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, സൗരഭ് തിവാരി, മനോജ് തിവാരി, സുരേഷ് റെയ്ന എന്നിവരും ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്