
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി മുന്നില്‍ക്കണ്ട് കേരളം. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി ബാബാ അപരാജിതും എട്ട് റണ്‍സോടെ സച്ചിൻ ബേബിയും ക്രീസില്‍. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 231 റണ്‍സ് കൂടി വേണം. കൃഷ്ണപ്രസാദ്, നിധീഷ് എം ഡി, അക്ഷയ് ചന്ദ്രന്‍, ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. കര്‍ണാടകക്കായി വിദ്യുത് കവേരപ്പയും മൊഹ്സിന്‍ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലത്തിയ കേരളത്തിന് സ്കോര്‍ 19ൽ എത്തിയപ്പോള്‍ ആദ്യ തിരിച്ചടിയേറ്റു. നൈറ്റ് വാച്ച്‌മാനായി മൂന്നാം ദിനം ക്രീസിലെത്തിയ നിധീഷ് എംഡിയെ(9) വിദ്യുത് കവേരപ്പ വീഴ്ത്തി. മൂന്നാം നമ്പറിലെത്തിയ അക്ഷയ് ചന്ദ്രനെ ഗോള്‍ഡന്‍ ഡക്കാക്കി കവേരപ്പ കേരളത്തെ ഞെട്ടിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും കൃഷ്ണപ്രസാദും പൊരുതുമെന്ന് കരുതിയെങ്കിലും 15 റണ്‍സെടുത്ത അസറുദ്ദീനെ ശിഖര്‍ ഷെട്ടി മടക്കി. ഇതോടെ കേരളം 40-3ലേക്ക് വീണ് തകര്‍ച്ചയിലായി. അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റൺസ് കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും കൃഷ്ണ പ്രസാദിനെ(33)യും അഹമ്മദ് ഇമ്രാനെയും(23) വീഴ്ത്തിയ മൊഹ്സിന്‍ ഖാന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കേരളം 106-5ലേക്ക് വീണു. ബാബാ അപരാജിത്-സച്ചിന്‍ ബേബി സഖ്യത്തിലാണ് ഇനി കേരളത്തിന്‍റെ സമനില പ്രതീക്ഷകള്‍. ഏദന്‍ ആപ്പിള്‍ ടോം, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍,ഹരികൃഷ്ണന്‍ എം യു, ഷോണ്‍ റോജര്‍ എന്നിവരാണ് ഇനി കേരളത്തിനായി ബാറ്റിംഗിന് ഇറങ്ങാനുള്ളത്.
ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതിനാല്‍ മത്സരം സമനിലയാക്കിയാല്‍ കേരളത്തിന് ഒരു പോയന്‍റും കര്‍ണാടകക്ക് 3 പോയന്‍റും ലഭിക്കും. എന്നാല്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയാല്‍ കേരളത്തിന് പോയന്‍റൊന്നും ലഭിക്കില്ല, കര്‍ണാടകക്ക് ബോണസ് പോയന്‍റ് അടക്കം 7 പോയന്‍റ് ലഭിക്കുകയും ചെയ്യും. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് ഇതുവരെ രണ്ട് പോയന്‍റ് മാത്രമാണുള്ളത്.എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് നിലവിലെ റണ്ണറപ്പുകളായ കേരളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!