
ഇസ്ലാമാബാദ്: 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്‍റെ വമ്പൻ വിജയമാണ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും തുടക്കമിട്ടതെന്ന വിചിത്ര വാദവുമായി മുൻ പാകിസ്ഥാൻ നായകൻ മുഹമ്മദ് യൂസഫ്. അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളിൽ വന്ന അഹങ്കാരവും ഈഗോയുമാണ് ടീമിനെ ഇന്നത്തെ ദുരവസ്ഥയിൽ എത്തിച്ചതെന്ന് സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ യൂസഫ് തുറന്നടിച്ചു.
2021-ൽ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാർ വിചാരിക്കാൻ തുടങ്ങി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണയില്ലാതായി. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ എപ്പോഴും വിനയമുള്ളവരായിരിക്കണം. എന്നാൽ കോളർ ഉയർത്തി അഹങ്കാരത്തോടെ പെരുമാറാൻ തുടങ്ങിയാൽ പ്രശ്നങ്ങൾ ഉടലെടുക്കും. അത് തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റിലും സംഭവിച്ചത്-യൂസഫ് പറഞ്ഞു.
ഡ്രസ്സിങ് റൂമിൽ ക്യാപ്റ്റനാകാനുള്ള മത്സരമായിരുന്നു പിന്നീട് നടന്നതെന്നും യൂസഫ് കൂട്ടിച്ചേർത്തു. ടീമിലെ എല്ലാവരും നായകനാകാൻ ശ്രമിക്കുകയായിരുന്നു. ഇതിന്‍റെ പ്രത്യാഘാതമാണ് കഴിഞ്ഞ നാലഞ്ചു വർഷമായി പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏകദിന, ടി20 ലോകകപ്പുകളിലും ഏഷ്യാ കപ്പിലും ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എത്രയോ പരിശീലകർ വന്നുപോയി, പിസിബി പൂർണ്ണ പിന്തുണ നൽകി, എന്നാൽ ഒരു കളിക്കാരൻ പോലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും യൂസഫ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ്, വൈസ് ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, അഗ സൽമാൻ ഉൾപ്പെടെ 7 പ്രമുഖ താരങ്ങളെയാണ് നാട്ടിലേക്ക് തിരിച്ചയക്കുകയും ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെയും അസിസ്റ്റന്റ് കോച്ച് ഉമർ ഗുല്ലിനെയും സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കടുത്ത തീരുമാനങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും യൂസഫ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആകെ 9 ടീമുകളുള്ളതിൽ 9-ാം സ്ഥാനത്താണ് നിലവിൽ പാകിസ്ഥാൻ. രാജ്യത്തിന്‍റെ പേര് മോശമാകുന്ന സാഹചര്യത്തിൽ ബോർഡ് കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരായതാണെന്ന് യൂസഫ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!