രാജസ്ഥാന്‍ റോയല്‍സിന് കനത്ത നഷ്ടം; ബെന്‍ സ്‌റ്റോക്‌സിന്റെ സേവനം ഐപിഎല്‍ രണ്ടാം പകുതിയില്‍ മാത്രം

By Web TeamFirst Published Sep 7, 2020, 3:54 PM IST
Highlights

ഐപിഎല്ലിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന് വന്‍ പ്രതീക്ഷുള്ള താരങ്ങളില്‍ ഒരാളാണ് സ്റ്റോക്‌സ്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത നഷ്ടം. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് പകുതിയോളം മത്സരങ്ങളില്‍ കളിക്കാനാവില്ല. ഐപിഎല്ലിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന് വന്‍ പ്രതീക്ഷുള്ള താരങ്ങളില്‍ ഒരാളാണ് സ്റ്റോക്‌സ്. അച്ഛന്റെ അര്‍ബുദ ചികില്‍സയുടെ ഭാഗമായി ഇംഗ്ലണ്ട് ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന 29കാരനായ സ്റ്റോക്സ് ഇപ്പോള്‍ ന്യൂസിലന്‍ഡിലാണുള്ളത്.

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് സ്‌റ്റോക്‌സ്. പാകിസ്ഥാനെതിരെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് മടങ്ങുന്നത്. പിന്നീട് നടന്ന ടി20 പരമ്പരയിലും സ്റ്റോക്‌സ് ഉണ്ടായിരുന്നില്ല. അവസാനം ഓസ്‌ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരയിലും സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സ്റ്റോക്സ് കളിക്കുമോ എന്ന കാര്യം ആശയക്കുഴപ്പത്തിലായി. 

സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നത്.   ഐപിഎല്ലില്‍ 2017ല്‍ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സിനൊപ്പമാണ് സ്റ്റോക്സ് അരങ്ങേറിയത്. ആ സീസണില്‍ 300ലധികം റണ്‍സും 10ലധികം വിക്കറ്റും സ്വന്തമാക്കി. 2018 മുതല്‍ കളിക്കുന്നത് രാജസ്ഥാന്‍ റോയല്‍സില്‍. എന്നാല്‍ വിസ്മയമികവ് പുറത്തെടുക്കാനായില്ല. ഐപിഎല്‍ കരിയറില്‍ 34 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സും 26 വിക്കറ്റുമാണ് സമ്പാദ്യം.

click me!