രഞ്ജി ട്രോഫി: രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച, മത്സരത്തില്‍ പിടിമുറുക്കി ബംഗാള്‍

Published : Oct 28, 2026, 06:19 PM IST
Kerala vs Bengal Ranji Trophy

Synopsis

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരായ മത്സരത്തിൽ കേരളം കനത്ത തോൽവിയിലേക്ക് നീങ്ങുന്നു. 408 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. പ്രദീപ്ത പ്രമാണിക്കിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ബംഗാള്‍ ശക്തമായ നിലയില്‍. കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 141 റണ്‍സിന് പുറത്താക്കി 209 റണ്‍സിന്റെ ലീഡ് നേടിയ ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സെടുത്തു. തുടര്‍ന്ന് 408 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. ഇടംകയ്യന്‍ സ്പിന്നര്‍ പ്രദീപ്ത പ്രമാണിക്കിന്റെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ട് ഇന്നിങ്‌സുകളിലും കേരളത്തിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്.

ആറ് വിക്കറ്റിന് 101 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് അധികം നീണ്ടില്ല. 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി കേരളത്തിന് നഷ്ടമായി. ആറ് റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ആദ്യം മടങ്ങിയത്. പ്രദീപ്ത പ്രമാണിക്കിന്റെ പന്തില്‍ സുധീപ് ഘരാമി ക്യാച്ചെടുത്താണ് ജലജ് പുറത്തായത്. തുടര്‍ന്നെത്തിയ വൈശാഖ് ചന്ദ്രന്‍ (5) പ്രദീപ്തയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അതേ ഓവറിലെ അവസാന പന്തില്‍ എം.ഡി. നിധീഷ് (0) എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങി. എന്‍.പി. ബേസില്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 141-ല്‍ അവസാനിച്ചു. മുഹമ്മദ് അസറുദ്ദീന്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗാളിന് വേണ്ടി പ്രദീപ്ത പ്രമാണിക് നാലും മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

കേരളത്തെ ഫോളോ ഓണ്‍ ചെയ്യിക്കുന്നതിനു പകരം വീണ്ടും ബാറ്റ് ചെയ്യാനാണ് ബംഗാള്‍ തീരുമാനിച്ചത്. തുടക്കം മുതല്‍ മികച്ച ഷോട്ടുകളിലൂടെ അഭിമന്യു ഈശ്വരന്‍ ബംഗാള്‍ ഇന്നിങ്‌സ് വേഗത്തില്‍ മുന്നോട്ടു നീക്കി. സ്‌കോര്‍ 46-ല്‍ നില്‍ക്കെ ബംഗാളിന്റെ ആദ്യ വിക്കറ്റ് വീണു. 12 റണ്‍സെടുത്ത അങ്കുള്‍ പോളിനെ എന്‍.പി. ബേസില്‍ ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ സുധീപ് കുമാര്‍ ഘരാമിയും 12 റണ്‍സുമായി മടങ്ങി. മറുവശത്ത് ബാറ്റിങ് തുടര്‍ന്ന അഭിമന്യു ഈശ്വരന്‍ 47 റണ്‍സെടുത്ത് പുറത്തായി. ഇന്നിങ്‌സ് വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ബംഗാളിന്റെ വിക്കറ്റുകള്‍ മുറയ്ക്ക് വീണു. 46 ഓവറില്‍ 198 റണ്‍സിന് ബംഗാള്‍ ഓള്‍ ഔട്ടായി. ബംഗാളിന് വേണ്ടി സുധീപ് ചാറ്റര്‍ജി 34-ഉം, മുഹമ്മദ് ഷമി 26-ഉം റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജലജ് സക്‌സേനയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദിത്യ സര്‍വാടെ മൂന്നും എന്‍.പി. ബേസില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ടു. തന്റെ രണ്ടാം ഓവറില്‍ ഇരട്ടപ്രഹരവുമായി പ്രദീപ്ത പ്രമാണിക് കേരളത്തെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി. അഭിഷേക് ജെ. നായരും (0) അഭിഷേക് പി. നായരും (0) അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ രണ്ട് വിക്കറ്റിന് 15 റണ്‍സെന്ന നിലയിലായിരുന്നു കേരളം. വൈകാതെ 18 റണ്‍സെടുത്ത ജലജ് സക്‌സേനയും പ്രദീപ്തയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും പ്രദീപ്തയുടെ പന്തില്‍ സച്ചിന്‍ (10) പുറത്തായതോടെ ബംഗാള്‍ വീണ്ടും മത്സരത്തില്‍ പിടിമുറുക്കി. കളി നിര്‍ത്തുമ്പോള്‍ 19 റണ്‍സോടെ വിഷ്ണു വിനോദും അക്കൗണ്ട് തുറക്കാതെ സല്‍മാന്‍ നിസാറുമാണ് ക്രീസില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീനിയര്‍ വനിതാ ടി20: റയില്‍വേസിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തോല്‍വി
നാല് വര്‍ഷത്തിന് ശേഷം രവീന്ദ്ര ജഡേജയ്ക്ക് പടിയിറക്കം; ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി മാര്‍ക്കോ യാന്‍സന്‍