ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 110 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍, റെയില്‍വേസ് 18.4 ഓവറില്‍ ലക്ഷ്യം കണ്ടു. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിലെ കൂട്ടത്തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്.

ലഖ്‌നൗ: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ തോല്‍പ്പിച്ച് റെയില്‍വേസ്. എട്ട് വിക്കറ്റിനായിരുന്നു റെയില്‍വേയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റെയില്‍വേസ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തകര്‍പ്പന്‍ ഫോമിലുള്ള കിരണ്‍ നവ്ഗിരെ 14 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായി മടങ്ങി. അതേ ഓവറില്‍ തന്നെ ടി. ഷാനി (0) കൂടി പുറത്തായതോടെ രണ്ട് വിക്കറ്റിന് 16 റണ്‍സെന്ന നിലയിലായിരുന്നു കേരളം. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എ. അക്ഷയയും വി. ദൃശ്യയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 73 റണ്‍സാണ് കേരളത്തെ കരകയറ്റിയത്. സ്‌കോര്‍ 89-ല്‍ നില്‍ക്കെ 42 റണ്‍സെടുത്ത ദൃശ്യ പുറത്തായി. അതേ ഓവറില്‍ തന്നെ സജന സജീവനും മടങ്ങി. 35 റണ്‍സെടുത്ത അക്ഷയ കൂടി പുറത്തായതോടെ കൂട്ടത്തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടില്ല. വെറും 21 റണ്‍സ് എടുക്കുന്നതിനിടെയാണ് കേരളത്തിന് എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. റെയില്‍വേസിന് വേണ്ടി ഏക്ത ബിഷ്ട് നാലും തനൂജ കന്‍വര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റെയില്‍വേസ് റിയ ചൗധരിയുടെയും ആരുഷി ഗോയലിന്റെയും ഇന്നിങ്‌സുകളുടെ മികവില്‍ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. റിയ ചൗധരി 36 റണ്‍സ് എടുത്തപ്പോള്‍ ആരുഷി ഗോയല്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു.

YouTube video player